ദിലീപിനെതിരേ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരേ ഗുണ്ട്‌ എറിഞ്ഞ സംഭവത്തില്‍ അന്വേഷണം നടന്റെ അടുപ്പക്കാരിലേക്ക്‌ നീളുന്നതായി സൂചന. ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ്‌ സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന പരാതിയുമായി രംഗത്തുവന്ന മുന്‍ സുഹൃത്തും അഭിഭാഷകനുമായ കെ.സി. സന്തോഷിന്റെ വീടിനു നേരെയാണ്‌ ചൊവ്വാഴ്‌ച ആക്രമണമുണ്ടായത്‌. ദിലീപ്‌ ജാമ്യത്തില്‍ പുറത്തിറങ്ങിയ അന്നു രാത്രി 10 മണിയോടെയാണ്‌ അഭിഭാഷകന്റെ പറവൂര്‍ കവലയിലുള്ള വീട്ടിലേക്ക്‌ ഗുണ്ടും കല്ലുകളും എറിഞ്ഞത്‌. കല്ലേറില്‍ മുറ്റത്തിരുന്ന സ്‌കൂട്ടറിന്‌ കേടുപാടുണ്ട്‌. സംഭവം അറിഞ്ഞെത്തിയ പോലീസിന്‌ സ്‌ഥലത്തുനിന്നും ഗുണ്ടിന്റെ അവശിഷ്‌ടങ്ങള്‍ കിട്ടിയിരുന്നു. കറുത്ത നിറത്തിലുള്ള കാറില്‍ വന്ന രണ്ടുപേരാണ്‌ ആക്രമണം നടത്തിയതെന്നു സന്തോഷ്‌ പോലീസിനു മൊഴി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ദേശം സ്വദേശികളായ രണ്ടുപേരെ ചുറ്റിപറ്റിയാണ്‌ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്‌. സമീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സൂചനകള്‍ ലഭിച്ചില്ലെങ്കിലും സംശയമുള്ള രണ്ടുപേരുടെ ടവര്‍  ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോള്‍ അഭിഭാഷകന്റെ വീടിനു സമീപമാണ്‌ കാണിക്കുന്നത്‌. ദിലീപിന്റെ മോചനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്ക്‌ ഇവര്‍ ഉണ്ടായിരുന്നതായും പോലീസിനു വ്യക്‌തമായി. ഇവരുടെ നീക്കങ്ങള്‍ പോലീസ്‌ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണ്‌. ദിലീപുമായി അടുപ്പമുള്ളവരാണ്‌ ആക്രമണത്തിനു പിന്നിലെന്നു തെളിഞ്ഞാല്‍ ജാമ്യത്തെ എതിര്‍ക്കാന്‍ പോലീസിനു സാധിക്കും.

Read more.. യുക്മയുടെ വേദികളില്‍ ‘കുമ്മന്‍ ഇഫക്റ്റ്’ കണ്ട കൗതുകവുമായി യു.കെ. മലയാളികള്‍