നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് അക്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. അസോഷ്യേറ്റായ പെൺകുട്ടിയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും കുടുംബം പറയുന്നു. രാത്രി 12.30ഓടെ ഗുണ്ടകളുമായി എത്തിയാണ് റോഷൻ ആക്രമിച്ചതെന്ന് ആൽവിന്റെ അമ്മ ഏയ്ഞ്ചലീന അറിയിച്ചു. സംഭവത്തിന്റെ വിശദാംശം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ:

മകൻ റോഷനൊപ്പം രണ്ട് സിനിമകളിലാണ് പ്രവർത്തിച്ചത്. ഹൗ ഓൾഡ് ആർ യുവിലും മുംബൈ പൊലീസിലുമുണ്ടായിരുന്നു. രണ്ട് സിനിമയും തീരുന്നിടം വരെ ഒപ്പം നിന്നിരുന്നു. റോഷൻ ആരോപിക്കുന്നത് പോലെ മയക്കുമരുന്ന് ഉപയോഗത്തെതുടർന്ന് മകനെ പുറത്താക്കിയിട്ടില്ല. ഞങ്ങളുടെ അറിവിൽ അവൻ മയക്കുമരുന്നും മദ്യവും ഒന്നും ഉപയോഗിക്കാറില്ല. റോഷന്റൊപ്പം മാത്രമല്ല മറ്റ് നിരവധി സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല.

റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകൻ നല്ല സൗഹൃദമായിരുന്നു. ആ പെൺകുട്ടി തന്നെയാണ് റോഷൻ മോശമായി പെരുമാറുന്ന കാര്യം മകനോട് പറഞ്ഞത്. അവനപ്പോൾ എന്തിനാണ് ഇത് സഹിച്ച് നിൽക്കുന്നത്, നിനക്ക് വേറെ ആരുടെയെങ്കിലും അസോഷ്യേറ്റ് ആയിക്കൂടേയെന്ന് ചോദിച്ചു. ഇത് റോഷൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകനും പെൺകുട്ടിയുമായുള്ള സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മകനെ ആക്രമിക്കാന്‍ തന്നെയാണ് റോഷൻ ഗുണ്ടകളെ കൂട്ടി വന്നത്. എന്റെയൊപ്പം 45 ഗുണ്ടകളുണ്ടെന്ന് റോഷൻ തന്നെയാണ് പറഞ്ഞത്. അതിൽ ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് മകനെ വീട്ടിൽ നിന്നും മാറ്റിയത്. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തായ ഡോക്ടർ ചെവിക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ഞങ്ങളാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ആദ്യമൊക്കെ സമാധാനമായി തന്നെയാണ് സംസാരിച്ചത്. പിന്നീട് മുഖഭാവം മാറിത്തുടങ്ങി. പിന്നീട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടറോടായി സംസാരം. ആൽവിന്‍ എവിടെയുണ്ടെന്ന് ഡോക്ടർ പറയണമെന്ന് റോഷൻ പറഞ്ഞു. അത് നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ഡോക്ടർ അവരുടെ കൂടെ ചെല്ലണമെന്നായി. ഡോക്ടറെ നമുക്ക് അങ്ങ് പൊക്കിയേക്കാമെന്നുപറഞ്ഞ് റോഷന്‍ പറഞ്ഞതോടെ, കൂടെ വന്ന ഗുണ്ടകളെപ്പോലെ ഉളള ആളുകൾ അദ്ദേഹത്തെ മർദിച്ചു.

ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ തടയാൻ ശ്രമിച്ചത്. എന്നെയും ഭർത്താവിനെയും അവർ തള്ളിയിട്ടു. സ്കൂളിൽ പോകുന്ന എന്റെ കുട്ടിയെപോലും വെറുതെ വിട്ടില്ല. ‍ഡോക്ടറെ അവരുടെ കൈയിൽ നിന്നും രക്ഷിച്ച് റൂമിലേയ്ക്കു മാറ്റി. അതിനുശേഷമാണ് അവർ ഒന്നടങ്ങിയത്. റോഷൻ മകന് ഗുരുതുല്യനാണ്. എന്തെങ്കിലും പ്രശ്നം അവനുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കാനുള്ള അവകാശം റോഷനുണ്ട്. ഞങ്ങളുടെ മുന്നിൽവെച്ച് അവനിങ്ങനെ ചെയ്തു അതുകൊണ്ട് രണ്ട് തല്ല് കൊടുത്തിരുന്നെങ്കിൽപ്പോലും ഞങ്ങൾക്ക് പരാതിയില്ലായിരുന്നു. ഇതുപക്ഷെ ചെറിയ ഒരു പയ്യനെ ആക്രമിക്കാൻ ഗുണ്ടകളുമായിട്ട് വരുന്നത് ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പക്ഷെ ഞങ്ങൾ നൽകിയതിൽ നിന്നും വിരുദ്ധമായ മൊഴികളാണ് എഴുതിചേർത്തിരിക്കുന്നത്. പൊലീസ് അനാസ്ഥ കാണിക്കുന്നതിൽ വിഷമമുണ്ട്- ആൽവിന്റെ കുടുംബം പറയുന്നു.