ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വന്തമായി നിർമ്മിച്ച ചെറുവിമാനത്തിൽ ലോകം ചുറ്റുന്ന യുകെ മലയാളിയുടെ കുടുംബത്തിന്റെ അവിശ്വസനീയ വാർത്തയാണിത്. ആകാശം അതിരുകളാക്കി വിവിധ ലോകരാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സന്ദർശിക്കുന്ന അശോക് ആലിശ്ശേരിൽ, ഭാര്യ അഭിലാഷ മക്കളായ എട്ടു വയസ്സുകാരി താര, അഞ്ച് വയസ്സുകാരി ദിയ എന്നിവർ വാർത്താ താരങ്ങളായിരിക്കുകയാണ്.

ചെറുപ്പം മുതൽ വിമാനമെന്ന സ്വപ്നം താലോലിച്ചു നടന്നിരുന്നയാളാണ് അശോക്. അശോകിന്റെ താത്പര്യം മനസ്സിലാക്കി 2018 ൽ ഭാര്യ പിറന്നാൾ സമ്മാനമായി നൽകിയത് അര മണിക്കൂർ ഫ്ളയിങ് ലെസൻ ആയിരുന്നു. ഇതോടെ വിമാനം പറപ്പിക്കൽ ലഹരിയായ അശോക് അടുത്ത ഒരു വർഷം കൊണ്ട് അൻപത് മണിക്കൂർ ആകാശത്ത് ചെലവഴിച്ചും പതിനാല് തിയറി പരീക്ഷകൾ പാസ്സായും നേടിയെടുത്തത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആയിരുന്നു. ഏകദേശം പതിനായിരം പൗണ്ടോളമാണ് (പത്ത് ലക്ഷം രൂപ) അശോക് ഇതിനായി ചെലവഴിച്ചത്.

തുടർന്ന് വന്ന കോവിഡ് കാലം അശോകിനെ താഴെയിറക്കിയതോടെ ഓട്ടോമോട്ടീവ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഇദ്ദേഹം ഒരു നാലു സീറ്റർ വിമാനം നിർമ്മിക്കാനാവശ്യമായ കിറ്റും വാങ്ങി സ്വന്തം വീടിന്റെ ഗാർഡനിൽ പണി തുടങ്ങുകയായിരുന്നു. യു ട്യൂബ് വീഡിയോകളുടെ സഹായത്തോടെ രണ്ടു കൊല്ലം എടുത്ത് അശോക് ഒടുവിൽ ഒരു സ്ലിംഗ്‌ ടി എസ് ഐ മോഡൽ ചെറുവിമാനത്തിന്റെ പണി തീർത്തെടുത്തു. 18000 അടി വരെ ഉയരത്തിൽ മണിക്കൂറിൽ 175 മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന ചെറുവിമാനം ആണ് അശോക് നിർമ്മിച്ചെടുത്തത്.

 

2022 ഫെബ്രുവരിയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അശോക് നിർമ്മിച്ച വിമാനത്തിന് അംഗീകാരം നൽകിയതോടെ അശോക് സ്വന്തം വിമാനത്തിൽ ആകാശത്തേയ്ക്ക് ഉയർന്നു. ഒറ്റയ്ക്ക് നടത്തിയ ആദ്യ പറക്കലുകൾ ഏകദേശം ഇരുപത് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ കുടുംബത്തെയും ഒപ്പം കൂട്ടിയ അശോക് ഡേറ്റ അനലിസ്റ്റ് ആയ ഭാര്യ അഭിലാഷയ്ക്കും മക്കൾക്കും ഒപ്പം 1200 മൈൽ അകലെയുള്ള നോർവേയിൽ ആണ് ലാൻഡ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബത്തെയും കൂട്ടിയുള്ള ആദ്യ യാത്രയുടെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു എന്ന് പറയുന്ന അശോക് കുട്ടികളും ഒത്തുള്ള യാത്രയുടെ വിഷമതകളും ഓർമ്മിക്കുന്നു. വിമാനത്തവാളത്തിൽ വിമാനം പാർക്ക് ചെയ്യുന്ന ഏപ്രൺ വളരെ തിരക്കേറിയതും ഇടുങ്ങിയതും ആയതിനാൽ കുട്ടികളെ വിമാനത്തിൽ എത്തിക്കുക എന്നത് തന്നെ പ്രയാസകരമായിരുന്നു . കുട്ടികൾക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനായി പ്രത്യേകം ബൂസ്റ്റർ സീറ്റുകളും തയ്യാറാക്കേണ്ടി വന്നു. ചില നീണ്ട പറക്കലുകളിൽ കുട്ടികൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി ഷെഡ്യൂൾ ചെയ്യാത്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടിയും വന്നിട്ടുണ്ടെന്നും അശോക് കൂട്ടിച്ചേർത്തു.

കാലാവസ്ഥ നല്ലതാണെങ്കിൽ കുട്ടികളെയും കൂട്ടി ബ്രെക്ഫാസ്റ്റ് കഴിക്കാൻ പാരീസിൽ പോകാൻ പോലും ഇപ്പോൾ പ്രയാസമില്ല എന്ന് പറഞ്ഞ അഭിലാഷ വിമാനം അവർക്ക് നൽകിയിരിക്കുന്ന അവസരം അതിരുകളില്ലാത്തതാണെന്ന് വിവരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ തന്നെ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞതായും അഭിലാഷ പറഞ്ഞു. യാത്രകളിൽ അശോകിനെ സഹായിക്കാനായി അഭിലാഷയും ഇപ്പോൾ വിമാനം പറത്താൻ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പതിനാറു വയസ്സ് കഴിഞ്ഞാൽ കുട്ടികളെയും വൈമാനികരാക്കണമെന്നുള്ള തീരുമാനത്തിലാണ് ഇവർ.

വിമാനത്തിന്റെ നിർമ്മാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും ഒക്കെ കൂടി ഏകദേശം 180000 പൗണ്ടാണ് ഇവർക്ക് ചെലവഴിക്കേണ്ടി വന്നത്. ഇപ്പോളാണെങ്കിൽ ചെലവുകൾ എല്ലാം കൂടി 3000000 കടന്നേനെ എന്ന് അശോക് പറഞ്ഞു. ഒരു വിമാനം വാങ്ങുന്നതിനുള്ള ചെലവ് വച്ച് നോക്കിയാൽ സ്വന്തമായി നിർമ്മിച്ചത് വളരെ ലാഭകരമായി എന്ന് അശോക് അവകാശപ്പെട്ടു. കഴിഞ്ഞ ഈസ്റ്ററിന് കുടുംബസമേതം ഫ്രാൻസിൽ പോയി വരാൻ ചെലവായത് ഏകദേശം 250 പൗണ്ട് മാത്രമായിരുന്നു എന്ന് അറിയുമ്പോൾ ആണ് ഇതിലെ മെച്ചം മനസിലാകുന്നത്. കൊമേഴ്‌സ്യൽ വിമാനത്തിൽ ഏകദേശം 900 പൗണ്ട് ടിക്കറ്റ് നിരക്ക് ഉള്ളപ്പോഴാണ് ഇതെന്നത് ഓർക്കണം.

ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ എട്ടു മണിക്കൂർ തുടർച്ചയായി പറക്കാവുന്നതാണ് അശോക് നിർമ്മിച്ച നാല് സീറ്റുള്ള ഈ ചെറുവിമാനം. ഇത്രയും ഇന്ധനത്തിന് ഏകദേശം 80 പൗണ്ട് ചെലവാകും. മിക്ക എയർപോർട്ടുകളിലും അഞ്ച് പൗണ്ടോളം മാത്രമേ ഒരു ദിവസം പാർക്കിംഗ് ചാർജ്ജ് ആവുകയുള്ളൂ. കാലാവസ്ഥയും മറ്റ് അനുബന്ധ ഘടകങ്ങളും നോക്കി യാത്ര ചെയ്യുകയാണെങ്കിൽ വിമാനയാത്രയിൽ അപകടസാധ്യത വളരെ കുറവാണെന്നും അശോകും അഭിലാഷയും പറയുന്നു.