ഡോ. ഐഷ വി

പടർപ്പൻ പുല്ലിന്റെ മുട്ടങ്ങളിൽ നിന്ന് വെളുത്ത വേരു പോലെ നീണ്ട് മണ്ണിൽ പറ്റാതെ നിന്ന ഒരു ഭാഗം മുറിച്ചെടുത്ത് സത്യൻ എന്റെ നേരെ നീട്ടി. ഞാനത് കൈയ്യിൽ വാങ്ങി നോക്കി. നല്ല രസമുണ്ട് കാണാൻ. ഇയർ ബഡ് പോലെ ഒരു മഞ്ഞ് തുള്ളി അതിന്റെ തുമ്പത്തുണ്ട്. ചിരവാത്തോട്ടത്തെ വല്യ വിള വീട്ടിലേയ്ക്ക് കാർ കയറാനായി (അന്ന് സ്വന്തം കാർ ഇല്ലെങ്കിലും വല്യമാമൻ മിക്കവാറും എല്ലാ ആഴ്ചയും ടാക്സി കാറിൽ വരാറുണ്ടായിരുന്നു.) വെട്ടിയൊരുക്കിയ വീതിയുള്ള വഴിയുടെ ഇരുവശത്തുമുള്ള കയ്യാലയുടെ വശങ്ങളിൽ പടർന്നു കിടന്ന പുല്ലിലാണ് ഈ അത്ഭുതം. ഞാൻ അതിൽ നോക്കി നിൽക്കെ സത്യൻ ഒന്നുരണ്ടെണ്ണം കൂടി പിച്ചിയെടുത്തു. എന്നിട്ട് സത്യന്റെ കണ്ണിലേയ്ക്ക് ആ മഞ്ഞുതുള്ളി തൊട്ടു. മഞ്ഞുതുള്ളിയുടെ കുളിർമ അനുഭവിച്ച ശേഷം സത്യൻ പറഞ്ഞു. ഐഷ അത് കണ്ണിൽ വച്ച് നോക്കൂ നല്ല തണുപ്പുണ്ട്. ഞാൻ ആ മഞ്ഞുതുള്ളി കണ്ണിൽ വച്ചു. സംഗതി ശരി തന്നെ. ഞങ്ങൾ രണ്ടു പേരും കൂടി വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിൽ മഞ്ഞ് തുള്ളിയുള്ള ഭാഗങ്ങൾ പൊട്ടിച്ചെടുത്ത് കണ്ണിൽ വച്ചു. കിഴക്ക് ദിക്കിൽ നിന്ന് വരുന്ന അരുണകിരണങ്ങൾ മഞ്ഞുതുള്ളിയിൽ തട്ടി കുഞ്ഞ് മഴവില്ല് തീർക്കുന്നത് ഞങ്ങൾ ആസ്വദിച്ചു. പിന്നെ അവിടെ നിന്ന കിളിമരത്തിൽ പടർന്നു കയറിയ അരിമുല്ലവള്ളിയിൽ നിന്നും കൊഴിഞ്ഞ മദ്ധ്യഭാഗത്ത് അല്പം പാടലവർണ്ണം വന്നു തുടങ്ങിയ മുല്ലപ്പൂക്കൾ ഞങ്ങൾ പെറുക്കിയെടുത്തു. അപ്പോഴാണ് പടർപ്പൻ പുല്ലിന്റെ ഇലത്തുമ്പിലും മഞ്ഞുകണങ്ങൾ ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്.

വഴിയുടെ മറുവശത്ത് മഞ്ഞ നിറമുള്ള പൂക്കൾ പിടിയ്ക്കുന്ന വാക മരത്തിൽ പടർന്നു കയറിയ കുരിക്കുത്തി മുല്ലയ്ക്കരികിലേയ്ക്ക് ഞങ്ങൾ നടന്നു. ഒറ്റനോട്ടത്തിൽ പല വർണ്ണങ്ങളായിരുന്നു ആ വൃക്ഷത്തിൽ കണ്ണിന് വിരുന്നേകാൻ ഉണ്ടായിരുന്നത്. വാക പൂക്കളുടെ മഞ്ഞ നിറo. തലേന്നിന്റെ തലേന്ന് വിരിഞ്ഞ പൂവിന്റെ ചുവന്ന നിറം. തലേന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ റോസ് നിറം അന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ വെള്ളനിറം. പിന്നെ കുരിക്കുത്തി മുല്ലയുടെ ഇലകളുടെ പച്ച നിറം വാകയിലയുടെ കടും പച്ചനിറം. ആകെ വർണ്ണ മയം തന്നെ. ഞാൻ കൈയ്യെത്താവുന്ന ഉയരത്തിലുള്ള കുരിക്കുത്തി മുല്ല പൂക്കൾ പറിച്ചെടുത്തു. അപ്പോഴാണ് കുരിക്കുത്തി മുല്ലയുടെ കുറേ വള്ളികൾ തൊട്ടടുത്ത് നിൽക്കുന്ന വേപ്പിലും കയറിയിട്ടുണ്ട് എന്ന് മനസ്സിലായത്. ഞങ്ങൾ മുല്ലപ്പൂക്കൾ വാഴനാരിൽ കോർത്തെടുത്തു. ഞാൻ കുരു കുത്തി മുല്ല പൂക്കൾ കമലാക്ഷി എനിക്ക് പഠിപ്പിച്ച് തന്ന രീതിയിൽ മെടഞ്ഞെടുത്തു.

ഞങ്ങൾ പൂക്കളുമായി അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അമ്മാമ്മ പറഞ്ഞു. സ്വർണ്ണമ്മയാ( ഞങ്ങളുടെ കുഞ്ഞമ്മ) വാകമരവും കുരിക്കുത്തി മുല്ലയും കൊണ്ടുവന്ന് നട്ടത്. കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് തൈ കൊണ്ടുവന്നു കുഴിച്ചു വച്ചു. കുരിക്കുത്തി മുല്ല ആ കൊച്ച് യക്ഷിപ്പുരയിൽ നിന്നും കൊണ്ട് വന്ന് വച്ചതാ.

ഏതാനും വർഷങ്ങൾ കഴിഞ്ഞ് കാല്പനിക കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ “ആരാമത്തിന്റെ രോമാഞ്ചം” എന്ന കവിത പഠിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വന്ന ചിത്രം പുലർകാലത്തെ മഞ്ഞുതുള്ളി തണുപ്പേകിയ മകരമാസ ദിനങ്ങളായിരുന്നു.

മകരമാസത്തിന് പിന്നേയുമുണ്ട് പ്രത്യേകത. മരച്ചീനി വിളവെടുത്ത് ഉണക്കാനിടുന്നത് മകരമാസത്തിലാണ്. രാവും പകലും നിവർത്തിയിട്ട പനമ്പിൽ നിരത്തിയിരിയ്ക്കുന്ന ചീനി മഞ്ഞും വെയിലുമേറ്റ് ഉളുമ്പുകയറാത്തവിധം ദൃഢതയുള്ളതായി തീരുന്നു. തേനീച്ചകൾക്ക് തേൻ ലഭ്യത കൂടുന്നതും മഴ പെയ്യാതെ മഞ്ഞ് നിൽക്കുന്ന മാസത്തിൽ തന്നെ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.