ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ അഭിമുഖീകരിച്ച ഗുരുതരമായ പ്രശ്നമായിരുന്നു ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ലഭ്യമല്ല എന്നുള്ളത്. രാജ്യത്ത് ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും പക്ഷേ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചത് മൂലം വിതരണത്തിലാണ് തകരാർ നേരിട്ടതെന്നും കഴിഞ്ഞ ദിവസം ആരോഗ്യസെക്രട്ടറി സാജിദ് ജാവിദ് വെളിപ്പെടുത്തിയിരുന്നു. ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യുന്ന എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായതും ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമല്ലാത്തതും പ്രതിപക്ഷ ഭരണപക്ഷ എംപിമാർക്കിടയിലും ജനങ്ങളിലും വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാഹചര്യത്തിൽ ആമസോൺ കുറഞ്ഞനിരക്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ വില്പന ആരംഭിക്കുന്നതായി അറിയിച്ചത് ടെസ്റ്റ് കിറ്റുകൾ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളം ശക്തമായ വിതരണശൃംഖല ഉള്ള ആമസോണിന് കുറഞ്ഞ നിരക്കിൽ പെട്ടെന്ന് ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ സാധിക്കും. കഴിഞ്ഞ കുറേ നാളുകളായി ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുന്ന കമ്പനികളെ കുറിച്ച് വളരെയേറെ പരാതികളാണ് ജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നത്. അമിതവില ഈടാക്കുന്നത് കൂടാതെ ടെസ്റ്റിൻെറ ഫലം ലഭിച്ചില്ല തുടങ്ങിയ ഒട്ടേറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിനെതുടർന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റിയോട് പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വിവിധ ഏജൻസികൾ നടത്തുന്ന കോവിഡ് ടെസ്റ്റ് ഫലങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിൽ ഗവൺമെൻറ് പരാജയപ്പെട്ടെന്ന് ലബോറട്ടറി ആൻഡ് ടെസ്റ്റിംഗ് ഇൻഡസ്ട്രി ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. ഈ മേഖലയിലേക്കുള്ള ആമസോണിൻെറ വിപണി പ്രവേശനം ക്രിസ്മസ് കാലത്ത് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.