വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും……..ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക ! നോമ്പുകാല സന്ദേശം ഫാ. ഹാപ്പി ജേക്കബ്ബ് എഴുതുന്നു…

വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും……..ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക ! നോമ്പുകാല സന്ദേശം ഫാ. ഹാപ്പി ജേക്കബ്ബ് എഴുതുന്നു…
March 15 03:46 2020 Print This Article

ഫാ. ഹാപ്പി ജേക്കബ്

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട വിശ്വാസികളെ, വളരെ ദുഃഖവും വേദനയും പ്രയാസവും ഉൾക്കൊണ്ടുകൊണ്ടാണ് ഈ ആഴ്ചയിലെചിന്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത്.ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ പുതിയ വൈറസിൻറെ ആശങ്കയിൽ നാമൊക്കെ കഴിയുകയാണ് .പരിഹാരം എങ്ങനെയെന്നോ ചികിത്സ എപ്രകാരം എന്നോ നാം അറിയുന്നില്ല.ആയതിനാൽ ആശങ്കയുടെ മുൾമുനയിൽ കഴിയുന്ന ഈ നാളുകളിൽ കർത്താവ് തൻറെ കരത്താലും കൃപയാലും നമ്മെയൊക്കെയും കാത്തുപരിപാലിക്കകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സൗഖ്യ ദാന കൃപയുടെ ചിന്തകളുമായി വലിയനോമ്പിലെ നാലാമത്തെ ആഴ്ച യിലേക്ക് നാം പ്രവേശിക്കുകയാണ്.പുറ ജാതി സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളെ സൗഖ്യമാക്കുന്ന വേദഭാഗം ആണ് ചിന്തക്കായി എടുത്തിരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അധ്യായം 21 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ ഈ ഭാഗം നമുക്ക് വായിക്കാവുന്നതാണ്.

കർത്താവ് യെരുശലേമിൽ പഠിപ്പിക്കുകയും അവരെ യഥാർത്ഥമായ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ അവർ സംശയാലുക്കൾ ആയി തീരുകയും അവനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.അവൻ അവരോട് പറയുന്നു നിങ്ങൾ അശുദ്ധം ആകുന്നത് കഴിക്കുന്ന ഭക്ഷണം അല്ല നിങ്ങളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ടത്രേ. ഇത് മനസ്സിലാക്കുവാനോ തിരിച്ചറിയുവാനോ അവർക്ക് കഴിയുന്നില്ല .അതിനാൽ അവൻ അവരെ വിട്ട് ജാതികൾ പാർക്കുന്ന ഇടങ്ങളിലേക്ക് പോയി. അവിടെവെച്ച് യഹൂദരുമായി ദീർഘകാലമായി അകൽച്ചയിൽ ആയിരുന്നു കനാനായ സ്ത്രീ അവനെ കണ്ടിട്ട് യശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ എന്ന നിലവിളിക്കുകയാണ്. അവളുടെ മകൾക്ക് കഠിനമായഭൂത ഉപദ്രവം ബാധിച്ചിരിക്കുന്നു , അതിൽനിന്നും വിടുതൽ ലഭിക്കുന്നതിനുവേണ്ടിയാണ് അവൾ കർത്താവിൻറെ അടുത്ത് നിലവിളിച്ചുകൊണ്ട് കടന്നുവന്നത്.

കർത്താവ് ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ശിഷ്യന്മാർ വന്ന് അവനോടു പറയുകയാണ് കർത്താവേ എന്തെങ്കിലും ചെയ്തു അങ്ങ് അവളെ തിരിച്ചയക്കണം. അവളെ പരീക്ഷിക്കാൻ എന്നവണ്ണം കർത്താവ് പ്രതികരിക്കുകയാണ് ഇസ്രായേലിലെ കാണാതെപോയ പോയ ആടുകളെ അന്വേഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.ഇതു കേട്ടിട്ടും പിന്തിരിഞ്ഞു പോകാതെ അവൾ അവനെ നമസ്കരിച്ചു കൊണ്ട് പറയുകയാണ് നായ കുട്ടികളും യജമാനൻറെമേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നു ജീവിക്കുന്നുവല്ലോ.സഹായം ആവശ്യപ്പെടുന്ന ബലഹീനമായ ഒരു അവസ്ഥയെ ബോധ്യപ്പെടുത്തുവാൻ ആണ് നായക്കുട്ടി എന്ന പ്രയോഗംഅവൾ നടത്തിയത്. ഇതു കേട്ടിട്ടും അവളുടെ വിശ്വാസം കണ്ടിട്ടും കർത്താവ് അവളോട് പറയുകയാണ് നിൻറെ ഇഷ്ടം എന്താണ് അതുപോലെ സംഭവിക്കട്ടെ. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക്സൗഖ്യം ലഭിക്കുകയും ചെയ്തു.

ഇന്ന് വീണ്ടും ഈ വേദഭാഗം വായിച്ചപ്പോൾ അനേകർ കണ്ണുനീരോടെ കഴിയുന്ന ഈ കാലത്ത് അവരെയൊക്കെ ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും അതിലൂടെ അവർക്ക് സൗഖ്യം ലഭിക്കുവാനും കാരണം ആകുവാൻ നാം എത്രമാത്രം വിശ്വാസത്തിൽ ബലപെടണം എന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു വേദഭാഗം ആണ് ഇത്. കഷ്ടതയും പ്രയാസവും മനുഷ്യൻറെ കൂടപ്പിറപ്പ് ആണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ ഭാരങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി നമുക്ക് ഏൽപ്പിക്കാം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ.(mathew 11:28).

വൈദ്യന്മാർ പറയുന്നതുപോലെ മുൻകരുതലുകൾ എടുക്കുകയുംലഭിക്കുന്ന സമയത്ത് ദൈവസന്നിധിയിൽ ആയി കഴിയുകയും ചെയ്യുമ്പോൾ അവൻ നമ്മുടെ കണ്ണുനീരുകളെ കണ്ടിട്ട് മനസ്സലിവ് തോന്നി നമ്മുടെ രോഗങ്ങളിൽനിന്നും അവൻ വീണ്ടെടുക്കും. ഓരോ രോഗവും പ്രയാസങ്ങളും നേരിടുമ്പോൾ നിരാശപ്പെടാതെ ദൈവം പ്രവർത്തിക്കുവാനായി നമ്മെ ഒരുക്കുന്ന സമയം ആണ് എന്ന് പ്രത്യാശയോടെ കൂടി ഇരിപ്പാൻ നമുക്ക് കഴിയണം. പഴി പറയുവാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരെ അപമാനിക്കുവാനും ഉള്ള അവസരം അല്ല ഇത് എന്ന് നാം തിരിച്ചറിയണം. “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.( Mathew 17:21).

ആത്മാവിനാൽ സ്വയം ശുദ്ധീകരിക്കുവാനും അതിലൂടെ സമൂഹത്തിൽ നമ്മൾ മൂലം വന്നിട്ടുള്ള കുറവുകളെ നീക്കാനും ഈ നോമ്പ് നമുക്ക് സാധ്യമാ കട്ടെ. പുറ ജാതി കാരി എങ്കിലും അവളുടെ വിശ്വാസ തീഷ്ണത മകളുടെ സൗഖ്യത്തിന് കാരണമായെങ്കിൽ ഈ അവസരങ്ങളിൽ നാമും വിശ്വാസത്തിൽ വളർന്നു നമ്മുടെ നമ്മുടെ രോഗവും , നമ്മുടെ പാപവും വും നീങ്ങി പോകുവാൻ ഈ നോമ്പിൻറെ ദിനങ്ങളിൽ സാധ്യമാകും എന്ന് വിശ്വസിക്കുന്നു. ലാസറിൻെറ കല്ലറക്കൽ വച്ച് കർത്താവ് അരുളി ചെയ്തതുപോലെ വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും. അത് അനുഗ്രഹം ആയും , സൗഖ്യം ആയും രൂപാന്തരം ആയും നാം പ്രാപിക്കുവാൻ നോമ്പും പ്രാർത്ഥനയും നമ്മെ സഹായിക്കും.

ലോക രക്ഷകനായ ദൈവമേ അവിടുത്തെ വചനത്തിലൂടെ സഞ്ചരിക്കുന്ന ഈ ദിവസങ്ങളിൽ ബലഹീനത ഓർക്കാതെ ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് ഞങ്ങളിൽ രോഗികൾ ആയിരിക്കുന്ന വരെ സൗഖ്യം ആക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക

പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles