ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി യുകെ. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിക്കുന്നതോടെ ഇനി റെഡ് ലിസ്റ്റ് മാത്രമാവും ഉണ്ടാവുക. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് (രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ) ഇനി യുകെയിലേക്ക് വരുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടതില്ല. ഈ ഇളവുകൾ വിദേശയാത്ര എളുപ്പമാക്കുന്നതിന് സഹായിക്കുമെന്ന് എയർലൈൻസ് യുകെ പ്രതികരിച്ചു. എന്നാൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇപ്പോഴും 10 ദിവസത്തേക്ക് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം. ഗ്രീൻ, ആമ്പർ ലിസ്റ്റുകൾ റദ്ദാക്കിയതോടെ ഇനി യാത്രയും എളുപ്പമാവും. യുകെ, യൂറോപ്യൻ യൂണിയൻ, യുഎസ് തുടങ്ങി 18 അംഗീകൃത രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കുള്ള പരിശോധന നിയമങ്ങളിലും ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്.

ആ രാജ്യങ്ങളിൽ കഴിയുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് പരിശോധന കൂടാതെ ഇനി യുകെയിലേയ്ക്ക് പ്രവേശിക്കാം. ബ്രസീൽ, മെക്സിക്കോ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ, ഒരു മുതിർന്ന വ്യക്തിയ്ക്ക് 2285 പൗണ്ട് നിരക്കിൽ സർക്കാർ അംഗീകൃത ഹോട്ടലിൽ 10 ദിവസം ക്വാറന്റൈൻ കഴിയേണ്ടതുണ്ട്. ഈ ആഴ്ച അവസാനം റെഡ് ലിസ്റ്റ് പുതുക്കും. കുടുംബങ്ങൾക്കും ബിസിനസുകൾക്കും യാത്രാ മേഖലയ്ക്കും ഇതൊരു നല്ല വാർത്ത ആണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഷാപ്സ് പറഞ്ഞു. സർക്കാർ കണക്കു പ്രകാരം 10 ൽ എട്ട് പേർക്ക് ഇതുവരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. പരിശോധനയുടെ ചെലവ് കുറയ്ക്കുന്നതിലൂടെയും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിലൂടെയും യാത്രാ മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഇളവുകൾ പ്രഖ്യാപിച്ച ശേഷം ബുക്കിംഗുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. ഒക്ടോബർ അവസാനം മുതൽ, ഇംഗ്ലണ്ടിലേക്ക് വരുന്നവർ രണ്ട് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും പകരം വിലകുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്താമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.