ബ്രിട്ടനിലെ 7000ത്തോളം വന്‍കിട കമ്പനികളിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം നിര്‍ണ്ണയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍. ഷാഡോ ബിസിനസ് സെക്രട്ടറി റബേക്ക ലോംഗ് ബെയിലിയും ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം ഉള്ളത്. ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പെടുന്നവര്‍ക്ക് വാര്‍ഷികമായി നിര്‍ണ്ണയിക്കുന്ന എക്‌സിക്യൂട്ടീവ് പാക്കേജുകളില്‍ വോട്ടവകാശം നല്‍കണമെന്നാണ് നിര്‍ദേശം. എക്‌സിക്യൂട്ടീവുകള്‍ക്ക് ശമ്പളം പണമായി നല്‍കണമെന്നും എല്ലാ വിധത്തിലുള്ള ഷെയര്‍ ഓപ്ഷനുകളും എടുത്തു കളയണമെന്നും നിര്‍ദേശമുണ്ട്. മിനിമം വേതനം നല്‍കാന്‍ പരാജയപ്പെടുന്ന കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് പിഴയിടുന്നതിനും അവര്‍ക്ക് ഗോള്‍ഡന്‍ ഷെയിക്ക്ഹാന്‍ഡ് നല്‍കുന്നതിനും റിപ്പോര്‍ട്ട് നിരോധനം ശുപാര്‍ശ ചെയ്യുന്നു.

250 ജീവനക്കാരില്‍ ഏറെയുള്ള എല്ലാ കമ്പനികളും പ്രതിവര്‍ഷം ഒന്നര ലക്ഷം പൗണ്ടിലേറെ ശമ്പളം വാങ്ങുന്നവരുടെ പേരു വിവരങ്ങള്‍ നല്‍കണം. ഒമ്പത് മുന്‍നിര വികസിത രാജ്യങ്ങളില്‍ വേതന വളര്‍ച്ച ഏറ്റവും കുറവ് ബ്രിട്ടനിലാണെന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പഠനത്തിന്റെ വെളിച്ചത്തിലാണ് ലേബര്‍ റിപ്പോര്‍ട്ട്. അനാവശ്യമായി ഉയര്‍ന്ന ശമ്പളം നല്‍കുന്ന രീതിയില്ലാതാക്കാനും എല്ലാ ജീവനക്കാര്‍ക്കും ന്യായമായ ശമ്പളം ഉറപ്പു വരുത്താനുമാണ് 20 ഇന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയ് സര്‍ക്കാര്‍ വീണാല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ലേബര്‍ ഈ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയാണ്.

ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അക്കൗണ്ടന്‍സി ആന്‍ഡ് ഫിനാന്‍സ് പ്രൊഫസര്‍ പ്രേം സിക്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലുണ്ടാകും എന്ന നിഗമനങ്ങള്‍ തെറ്റാണെന്ന് ലേബര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.