ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസിലും നോർത്തേൺ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യാത്രകൾക്ക് തടസ്സം. നോർത്തേൺ ഇംഗ്ലണ്ടിൽ കനത്ത മഞ്ഞ് വീഴ്‌ച തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലങ്കാഷയർ, കുംബ്രിയ, ലേക്ക് ഡിസ്ട്രിക്റ്റ് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് യാത്ര തടസ്സങ്ങൾ, പവർ കട്ട് എന്നിവയ്ക്ക് സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി വരെ വാണിംഗ് നിലനിൽക്കും. ഈ കാലയളവിൽ ഉയർന്ന പ്രദേശങ്ങളിൽ 15 സെൻ്റിമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് പ്രവചകർ പറയുന്നു.
ഞായറാഴ്ച, മെറ്റ് ഓഫീസ് നോർത്തേൺ ഇംഗ്ലണ്ടിലെ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്ത് ആംബർ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഞ്ഞ് മഴയായി മാറിയെങ്കിലും, നോർത്തേൺ ഇംഗ്ലണ്ടിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞ് വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വെസ്റ്റ് യോർക്ക്ഷെയറിലെ ബിംഗ്ലിയിൽ ഞായറാഴ്ച രാവിലെ 11 മണി വരെ 17 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലീഡ്‌സ്, ഷെഫീൽഡ്, ലേക്ക് ഡിസ്ട്രിക്റ്റ് എന്നിവയുൾപ്പെടെ നോർത്തേൺ ഇംഗ്ലണ്ടിൻ്റെ ഭൂരിഭാഗവും മൂടുന്ന മഞ്ഞുവീഴ്ചയെ കുറിച്ചുള്ള മുന്നറിയിപ്പ് ഞായറാഴ്ച അർദ്ധരാത്രി വരെ നിലനിന്നിരുന്നു. ഞായറാഴ്ച യുകെയിലുടനീളമുള്ള പ്രദേശങ്ങളിൽ വ്യത്യസ്തമായ താപനിലയാണ് കാണാൻ സാധിച്ചത്. സോമർസെറ്റിലെ മെറിഫീൽഡിൽ 14.2C രേഖപ്പെടുത്തിയപ്പോൾ സ്കോട്ടിഷ് ഹൈലാൻഡ്സിലെ ലോച്ച് ഗ്ലാസ്കാർനോച്ചിൽ -11.1C രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ലീഡ്‌സ് ബ്രാഡ്‌ഫോർഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ ജോൺ ലെനൺ എന്നീ വിമാനത്താവളങ്ങളിലെ റൺവേ ഞായറാഴ്ച രാവിലെ അടച്ചു. ഇംഗ്ലണ്ടിലുടനീളമുള്ള മഞ്ഞും വെള്ളപ്പൊക്കവും കാരണം നിരവധി റോഡുകൾ അടച്ചിട്ടുണ്ടെന്ന് നാഷണൽ ഹൈവേകൾ റിപ്പോർട്ട് ചെയ്തു. ദേശീയ പാതയിൽ തിങ്കളാഴ്ച വരെ തടസ്സം തുടരും.
Leave a Reply