അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് നഗരത്തില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരിക്കേറ്റു. അക്രമി ജനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ പിക്കപ് വാന്‍ ഓടിച്ചുകയറ്റുകയും തുടര്‍ന്ന് പുറത്തിറങ്ങി വെടിയുതിര്‍ക്കുകയുമായിരുന്നു.
നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലിനായിരുന്നു സംഭവം. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയിരുന്നത്. അക്രമി ജനക്കൂട്ടത്തിലേക്കു മനഃപൂര്‍വം കാറോടിച്ചുകയറ്റുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരമാവധിപ്പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. അക്രമിയുടെ വെടിയേറ്റ് രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. പൊലീസുകാര്‍ തിരിച്ചും വെടിവച്ചു. അക്രമി വെടിയേറ്റു മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിക്ക് വിദേശ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐക്ക് അന്വേഷണച്ചുമതല കൈമാറിയതായി പൊലീസ് പറഞ്ഞു. ഭീകരാക്രമണമായി പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ലാറ്റോയ കാന്‍ട്രെലും ഭീകരാക്രമണം ആണു നടന്നതെന്ന് അറിയിച്ചു. സംഭവസ്ഥലത്തുനിന്നു സ്‌ഫോടകവസ്തു കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.
അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരെയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Leave a Reply