ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രകോപിതനായി മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതികാരം. തൊഴിലുടമയുടെ മുന്നിൽ കരയാനോ കാലുപിടിക്കാനോ നിൽക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവൻ താറുമാറാക്കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കാനഡയിലെ കൽഗറിയിലാണ് സംഭവം. പോലീസെത്തുന്നതിന് മുമ്പ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീർക്കാൻ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവൻ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഒടുവിൽ തൊഴിലാളിസമൂഹം ഉണർന്നിരിക്കുന്നു’ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ ‘ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ ഇയാൾ അറസ്റ്റിലായേനെ’ എന്ന് മറ്റൊരാൾ പ്രതികരിച്ചു. സംഭവത്തിൽ അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.