അമ്മയ്ക്കും ഫെഫ്കയ്ക്കും സമാന്തരമായി സിനിമയില്‍ പുതിയ സംഘടന വരുന്നു. ഈ സംഘടനകളിലെ ജനാധിപത്യവിരുദ്ധതയും തൊഴില്‍ സ്വാതന്ത്ര്യം ഇല്ലായ്മയും മടുത്താണ് കൊച്ചി കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ് തുടങ്ങി നരവധി പേര്‍ ഇതിന് പിന്നിലുണ്ട്. സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്ന് അറിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സിനിമയുടെ എല്ലാ മേഖലയും ദിലീപ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ഇവരില്‍ പലരുടെയും സിനിമകളെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് വിവാദമായത് മുതലെടുത്ത്, കാര്യങ്ങള്‍ അനുകൂലമാക്കാനാണ് നീക്കം.
സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവരെ അണിനിരത്തിയാണ് പുതിയ സംഘടന ഉണ്ടാക്കുന്നത്. സിനിമാ ചോറുണ്ണുന്നവരെല്ലാം സംഘടനയില്‍ ഉണ്ടാവണം എന്നതാണ് ഇതിന് നേതൃത്വം നല്‍കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യം. എല്ലാവര്‍ക്കും സ്വതന്ത്രമായി തൊഴിലെടുക്കാന്‍ സാധിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. എല്ലാവര്‍ക്കും വേതനം കൃത്യമായി ലഭിക്കണം. തുല്യവേതനം ഉറപ്പാക്കണം. തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം സിനിമയില്‍ സജീവമായി നില്‍ക്കുന്നവരല്ല പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് പറയുന്നവരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടവേളയ്ക്ക് ശേഷം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിച്ചാണ് എതിര്‍പക്ഷം പരിഹസിക്കുന്നത്.
പുതിയ സംഘടനയുണ്ടായാല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ സിനിമകളുടെ റിലീസിംഗ് ഉള്‍പ്പെടെ പ്രശ്‌നമാകും. കാരണം ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പ്രവര്‍ത്തിക്കുന്നത്. എവിടെ ആരുടെയൊക്കെ സിനിമകള്‍ കളിക്കണമെന്ന് തീരുമാനിക്കുന്നത് തിയേറ്റര്‍ ഉടമകളാണ്. സര്‍ക്കാര്‍ തിയേറ്ററുകളും ബി ക്ലാസ് തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും താരതമ്യേന കുറവായതിനാല്‍ എ ക്ലാസ് തിയേറ്ററുകളെ ആശ്രയക്കാതെ പിടിച്ചുനില്‍ക്കാനാവില്ല. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ കിട്ടാതാവുകയും റിലീസിംഗ് പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ സി.ഐ.എ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിയേറ്ററുകാര്‍ സമരം നടത്തുകയും സമരം തീര്‍ന്ന ശേഷം ആ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകാതിരിക്കുകയും ചെയ്ത സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്.
അമ്മയും ഫെഫ്കയും സാമ്പത്തികമായി പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. അവരോട് പിടിച്ച് നില്‍ക്കാന്‍ പുതിയ സംഘടന ഏറെ പ്രയാസപ്പെടേണ്ടി വരും. അംഗങ്ങള്‍ കുറവാണെങ്കില്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ദിലീപ് മാത്രം ഏറെ വിയര്‍പ്പൊഴുക്കിയാണ് അമ്മയെ സാമ്പത്തിക ഭദ്രതയിലെത്തിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും പോലും അതിന്റെ റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ദിലീപിനെ പല താരങ്ങളും തള്ളിക്കളയാത്തത്.
Leave a Reply