ഷിബു മാത്യൂ

“ഓശാനയ്ക്ക് എന്തെങ്കിലും ഒരു വ്യത്യസ്തമായ ചിത്രമെടുക്കണം എന്ന ഒരു ചിന്ത എന്റെ മനസ്സില്‍ നേരത്തെതന്നെ ഉദിച്ചിരുന്നു. അതിരാവിലെ തന്നെ എണീറ്റ് റെഡിയായി അനൂപിന്റെയടുത്തു നിന്നു ക്യാമറയും വാങ്ങി നേരെ പള്ളിയിലേയ്ക്ക് പോയി. വെറുതേ സമയം കളഞ്ഞതൊഴിച്ചാല്‍ ആഗ്രഹിച്ചതു പോലെ ഒരു ഫ്രെയിമും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരായ രണ്ട് അമ്മച്ചിമാര്‍ നടന്ന് വരുന്നത് കണ്ടത്. അവരില്‍ ഒരാളുടെ കൈയ്യില്‍ രണ്ട് കുരുത്തോലയുണ്ട്. ഇവര്‍ പള്ളിയുടെ നടയിറങ്ങുന്നതിന് തൊട്ടുമുമ്പ് ‘നിനക്ക് രണ്ട് ഓല കിട്ടിയോടീ ?’ എന്ന ചോദ്യവും അതോടൊപ്പം അവരുടെ ഹൃദയത്തില്‍ നിന്ന് വന്ന നിഷ്‌ക്കളങ്കമായ ചിരിയും. അത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അവരത് അറിഞ്ഞില്ല! ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍. പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോഴെനിക്കുണ്ടായത്”. ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്റെ വാക്കുകളാണിത്.

ഓശാന ഞായറില്‍ ഒരു പുതുമ തേടിയ മലയാളം യുകെയുടെ മുന്നില്‍ ഈ ചിത്രം അതിരാവിലെ തന്നെയെത്തിയിരുന്നു. എന്റെ അതിരമ്പുഴയുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ചിത്രത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഞങ്ങള്‍ ഓശാന ഞായറിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സന്ദേശമായി ഈ ചിത്രം ലോകത്തിന് പരിചയപ്പെടുത്തി. ലോക മലയാളികള്‍ ഒന്നടങ്കം ആസ്വദിച്ച ഈ ചിത്രമെടുത്തയാളെ തേടുകയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഞങ്ങളുടെ പ്രിയ വായനക്കാര്‍ തന്നെ ഞങ്ങളെ സഹായിച്ചു.

ജിതിന്‍ ജെയിംസ് എന്ന ഞങ്ങള്‍ തേടിയ ഫോട്ടോഗ്രാഫര്‍.

കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴ പള്ളി ഇടവകാംഗം. പുന്നയ്ക്കപള്ളി വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ബിജി ജെയിംസിന്റെയും ഏകമകന്‍. ജിതിന് രണ്ട് സഹോദരിമാരുണ്ട്. ജിത്തുവും അമലയും. മാന്നാനം കെ ഇ കോളേജില്‍ നിന്നും ബിരുദമെടുത്ത ജിതിനിപ്പോള്‍ എറണാകുളം സി പി സുസുക്കിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിന് പ്രചോദനമായത് കൂട്ടുകാരാണ്. ജോര്‍ജ്ജ്, അനൂപ്, ഈപ്പന്‍, കുരിയാപ്പി, വിമല്‍, ഫെലിക്‌സ് അങ്ങനെ കുറച്ചു പേര്‍. മൊബൈല്‍ ഫോണിലായിരുന്നു ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് കൂട്ടുകാരുടെ ക്യാമറ ഉപയോഗിച്ചു തുടങ്ങി. കെ. ഇ കോളേജിലെ എന്റെ കൂട്ടുകാരും അതിരമ്പുഴയിലെ എന്റെ സൗഹൃദവുമാണ് ഫോട്ടോഗ്രാഫി ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണം. ജിതിന്‍ പറയുന്നു. കൂട്ടുകാരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാരുമായ ജോബി, കണ്ണന്‍ എന്നിവരുടെ കൂടെ ലൈറ്റ് പിടിച്ച് അവരെ സഹായിക്കാന്‍ ജിതിന്‍ പോകാറുണ്ട്. അതാണ് ഫോട്ടോഗ്രാഫി പഠിക്കാനുള്ള ശരിയായിട്ടുള്ള അവസരമെന്ന് ജിതിന്‍ പറയുന്നത്. നേരില്‍ കണ്ടും കേട്ടും എല്ലാം മനസ്സിലാക്കാന്‍ സാധിക്കും.

അതിരമ്പുഴയ്ക്ക് ഒരു പാട് കാലഘട്ടങ്ങളുടെ കഥ പറയുവാനുണ്ട്. ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ പള്ളി. പഴയ കെട്ടിടങ്ങളും പഴയ ജീവിതങ്ങളും. ഗ്രാമീണതയില്‍ നിന്നെത്തുന്ന അമ്മച്ചിമാരുടെ കൂട്ടായ്മ. അതിരമ്പുഴ ചന്ത. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒത്തൊരുമയോടെ വ്യാപാരം നടത്തുന പഴയ സംസ്‌ക്കാരത്തിലുള്ള ടൗണ്‍. ഇതൊക്കെ ആകര്‍ഷകങ്ങളായ പല ചിത്രങ്ങള്‍ക്കും പശ്ചാത്തലമൊരുക്കും.

ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണം എന്ന ആഗ്രഹം എനിക്കുണ്ട്. ഒപ്പം ഇപ്പോള്‍ ചെയ്യുന്ന ജോലി നിലനിര്‍ത്തുകയും വേണം. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഒന്നുമില്ല. സാധാരണ മാതാപിതാക്കള്‍ ആഗ്രഹിക്കാറുള്ളതുപോലെ എനിക്കും ഒരു ജോലി കിട്ടി ജീവിതം സുരക്ഷിതമാക്കണമെന്ന് അവരും ആഗ്രഹിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്റെ അതിരമ്പുഴ എനിക്കെന്നും പ്രചോദനമാണ്. അതിരമ്പുഴ പള്ളിയും യുവദീപ്തിയും ഞങ്ങളുടെ വികാരിയച്ചനും കൊച്ചച്ചനും കപ്പൂച്ചിന്‍ സഭയിലെ ബ്രദേഴ്‌സുമൊക്കെ ഇതില്‍പ്പെടുന്നു. ഫേസ്ബുക്കിലെ christian trolls എന്ന ഗ്രൂപ്പിലും സജ്ജീവമാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവും എനിക്ക് തരുന്ന സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതുണ്ട്.

സ്വന്തമായി ഒരു വാഹനം എനിക്കില്ല. നടക്കുന്നതിലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതാണ് കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് സാധിക്കുന്നതും. ഒരു കാഴ്ച കാണുമ്പോള്‍ അത് എന്റെ മൂന്നാം കണ്ണില്‍ ഒപ്പും. അതാണ് എന്റെ ശീലം. അതില്‍ ഒരു പാട് പ്രത്യേകതകളും ഉണ്ടാകും. ഈ ചിത്രവും അങ്ങനെ സംഭവിച്ചതാണ്. അതിരമ്പുഴ പള്ളിയില്‍ ഓശാന ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരില്‍ വേഷവിധാനത്തില്‍ വേറിട്ടു നില്‍ക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്റെ മൂന്നാം കണ്ണില്‍ പെട്ടു. അത് ചിത്രമായി.

എല്ലാ കാഴ്ചകള്‍ക്കും ഒരു സൗന്ദര്യമുണ്ട്. നമ്മള്‍ അതിനെ കാണുന്നതിനെ അനുസരിച്ചിരിക്കും അതിന്റെ പ്രത്യേകതകള്‍. ഫോട്ടോ ജീവന്‍ തുടിയ്ക്കുന്നതാകണം. ഓശാന ഞായറാഴ്ചത്തെ ചിത്രത്തേക്കുറിച്ച് ഒരു പാട് പറയുവാന്‍ സാധിക്കും. ഒരു കാലഘട്ടം, നിഷ്‌കളങ്കതയുടെ പര്യായം, ഒരു സംസ്‌കാരം അങ്ങനെ പലതും. സോഷ്യല്‍ മീഡിയയില്‍ അടിക്കുറിപ്പുകള്‍ വരെ എഴുതിയ വരുമുണ്ട്. ജിതിന്‍ പറയുന്നു.

എന്നെ പ്രോത്സാഹിപ്പിക്കുന്നവരോട് നന്ദി മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ…
കത്തോലിക്കാ സഭയുടെ ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്‍ പുന്നയ്ക്ക പള്ളിയ്ക്ക് മലയാളം യുകെയുടെ ആശംസകള്‍..