ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ സിക്ക് നോട്ടുകൾ നൽകുന്ന രീതിയിലുള്ള മാറ്റങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ മാറ്റം ദശലക്ഷക്കണക്കിന് രോഗികൾക്ക് തങ്ങളുടെ ചികിത്സ എളുപ്പമാക്കും. മുൻപ് ആളുകൾക്ക് തങ്ങളുടെ പ്രാദേശിക ജിപിയുമായി അപ്പോയിന്റ്മെന്റ് ഉറപ്പാക്കേണ്ടിയിരുന്നു. ഇത് രോഗികൾക്കും ബന്ധുക്കൾക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു . എന്നാൽ ഇപ്പോൾ ഫിറ്റ് നോട്ടുകൾ ഡോക്ടർമാർ, നേഴ്‌സുമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും. അതായത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഫിറ്റ് നോട്ടുകൾ നൽകാൻ കഴിയും.

യുകെയിൽ ഉടനീളം ഉള്ള റിക്രൂട്ട്മെൻറ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എൻഎച്ച്എസ് ഡോക്ടർമാരുടെയും ജിപി മാരുടെയും മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായി നിയമത്തിൽ മാറ്റം വരുത്തിയത്. ഏഴു ദിവസത്തിൽ കൂടുതൽ ഒരു വ്യക്തി അസുഖം ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഔദ്യോഗികമായി ദ സ്റ്റേറ്റ്മെന്റ് ഓഫ് ഫിറ്റ്നസ് ഫോർ വർക്ക് എന്ന് വിളിക്കപ്പെടുന്ന ഫിറ്റ് നോട്ടുകൾ ആവശ്യമാണ്. ജെറിയാട്രിക് നേഴ്‌സ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്‌റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ സ്പെഷ്യലിസ്റ്റ് നേഴ്സുമാരും പുതിയ അധികാരം നൽകിയ ആരോഗ്യ പരിപാലന വിദഗ്ധരിൽ ഉൾപ്പെടുന്നു.

ഈ വർഷം ഏപ്രിലിൽ ഫിറ്റ് നോട്ടുകൾ ഡിജിറ്റലായി സാക്ഷ്യപ്പെടുത്തന്നത് അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഫിറ്റ് നോട്ടുകൾ നൽകുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് ഡിഡബ്ല്യുപി പറയുന്നു. ഇത് ആവശ്യങ്ങൾക്കായി തൊഴിൽ ഉടമയ്ക്ക് തെളിവ് കാണിക്കുന്നതിനും എളുപ്പമാകും. 2010-ൽ ഫിറ്റ് നോട്ടുകൾ അവതരിപ്പിച്ചതിനു ശേഷം ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്. ഫിറ്റ് നോട്ടുകളുടെ സർക്കുലേഷൻ സർട്ടിഫിക്കേഷന്റെ വിപുലീകരണം രോഗികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണെന്നും ഇതുവഴി ഇനി അവർക്ക് ആവശ്യമായ പിന്തുണയും ഉപദേശവും ശരിയായ സ്ഥലത്ത് നിന്നും വളരെ എളുപ്പം ലഭ്യമാകുമെന്നും ഡിസേബിൾഡ് പീപ്പിൾ ഹെൽത്ത് ആൻഡ് വർക്കിന്റെ മന്ത്രി ആയ ക്ലോ സ്മിത്ത് എംപി പറഞ്ഞു .