ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ ലണ്ടനിൽ താമസിച്ചിരുന്ന യുകെ മലയാളി ഡോക്ടർ ആനന്ദ് നാരായണൻ ( 33 ) നിര്യാതനായി. സ്റ്റുഡൻസ് വിസയിൽ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർ ആയിരുന്ന ആനന്ദ് കരൾ രോഗ ബാധിതനായിരുന്നു. രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ലണ്ടൻ കിംഗ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ ആയിരിക്കെ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയിട്ട് ഒന്നരവർഷം മാത്രം ആയിട്ടുള്ളു. ഭാര്യ ഹരിതയും ആയുർവേദ ഡോക്ടർ ആണ് ആനന്ദിനൊപ്പം യുകെയിൽ സ്റ്റുഡൻറ് വിസയിലെത്തിയ ഹരിതയും കെയററായി ജോലി ചെയ്യുകയായിരുന്നു. ഹരിത മൂന്നുമാസം ഗർഭിണിയാണ്.
കരളിലും നെഞ്ചിലുമായി അണുബാധ ഉണ്ടാവുകയും പിന്നീട് ഇത് മറ്റ് അവയവങ്ങളിലേക്ക് ബാധിച്ചതുമാണ് മരണത്തിലേക്ക് നയിച്ചത്. ചികിത്സയിലിരിക്കെ ഒന്നര ആഴ്ച മുമ്പ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്നുകളോട് ഒന്നും പ്രതികരിക്കാതിരുന്നതിനാൽ ഇന്നലെ വൈകുന്നേരമാണ് വെന്റിലേറ്റർ ഓഫ് ചെയ്യാൻ തീരുമാനിച്ചത്.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ് ആനന്ദ്.
ആനന്ദ് നാരായണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply