ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിലെ അമിത പിഴയും ചൂഷണവും തടയാൻ പുതിയ നിയമങ്ങളുമായി സർക്കാർ. പാർക്ക് ചെയ്യണോ എന്ന് തീരുമാനിക്കാൻ വാഹനയുടമകൾക്ക് അഞ്ചു മിനിറ്റ് അനുവദിക്കും. പാർക്കിങ് സമയം അവസാനിച്ചശേഷം പിഴ ഈടാക്കാതെ വാഹനം മാറ്റാൻ 10 മിനിറ്റും ലഭിക്കും. ജീവിതച്ചെലവു കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ നീതി ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട്, സ്കോട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾക്ക് പുതിയ നിയമങ്ങൾ ബാധകമാകും.

ദിശ പരിശോധിക്കാൻ വാഹനം അൽപസമയം നിർത്തുക, മെഡിക്കൽ അടിയന്തര സാഹചര്യം, വാഹനത്തകരാർ, ടിക്കറ്റ് യന്ത്രത്തിന്റെ തകരാർ തുടങ്ങിയ കാരണങ്ങളാൽ സംഭവിക്കുന്ന പിഴവുകൾക്ക് അപ്പീൽ നൽകിയാൽ പിഴ ഒഴിവാക്കും. പാർക്കിങ് പെർമിറ്റ് പ്രദർശിപ്പിക്കാൻ മറക്കുക, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തെറ്റായി രേഖപ്പെടുത്തുക തുടങ്ങിയ ചെറിയ പിഴവുകൾക്ക് അപ്പീലിനുശേഷം പരമാവധി 20 പൗണ്ട് മാത്രമേ ഈടാക്കൂ. എന്നാൽ, സ്വകാര്യ പാർക്കിങ് പിഴയുടെ പരമാവധി തുക 100 പൗണ്ടായി തുടരാനാണ് സർക്കാർ തീരുമാനം. ഇത് 50 പൗണ്ടായി കുറയ്ക്കണമെന്ന ഉപഭോക്തൃ സംഘടനയായ വിചിന്റെ (Which?) ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പുതിയ ചട്ടങ്ങൾ ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെങ്കിലും എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്വകാര്യ കമ്പനികൾ നൽകുന്ന പാർക്കിങ് പിഴകളുടെ എണ്ണം വർധിച്ചുവരുന്നതും നടത്തിപ്പുകാരുടെ നടപടികൾക്കെതിരെ പരാതികൾ ഉയരുന്നതും പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കി. 2025–26ൽ സ്വകാര്യ പാർക്കിങ് പിഴകളുടെ എണ്ണം റെക്കോർഡായ 1.69 കോടിയിലെത്തിയെന്ന് ആർഎസി (RAC) വ്യക്തമാക്കിയിരുന്നു. അതേസമയം, പുതിയ നിയമങ്ങൾ അപര്യാപ്തമാണെന്ന് വിച് വിമർശിച്ചു. സ്വതന്ത്ര അപ്പീൽ സംവിധാനം വേണമെന്നും പിഴ അടയ്ക്കാൻ വൈകുമ്പോൾ ഈടാക്കുന്ന അധിക തുക കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവിൽ ഇത്തരം അധിക തുകകൾക്ക് 70 പൗണ്ട് വരെ പരിധിയുണ്ട്. ഇവ കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ സംബന്ധിച്ച് അടുത്ത വർഷം സർക്കാർ കൂടിയാലോചന നടത്തും. ചെറിയ പിഴവുകൾക്ക് വലിയ തുക പിഴയായി ലഭിക്കുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബേൺഹാം പറഞ്ഞു.











Leave a Reply