കേരള രാഷ്ട്രീയ സാമൂഹിക ചരിത്രം പരിശോധിച്ചാൽ കേരള സമൂഹം മതനിരപേക്ഷ സ്വഭാവം കൈ വരച്ചതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകിയ വലിയ സംഭാവന മനസ്സിലാക്കാൻ സാധിക്കും. സാമൂഹികമായി പിന്നോക്കം നിന്ന വലിയ ഭൂരിപക്ഷമായ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് ഉണ്ടായ സാമൂഹിക മുന്നേറ്റത്തിനും ഇടതുപക്ഷ ആശയങ്ങളും പ്രസ്ഥാനങ്ങളും നൽകിയ സംഭാവനയെ ചോദ്യം ചെയ്യാൻ സാധിക്കില്ല.

” നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന് വയലാർ പാടിയപ്പോൾ അത് ഒരു സാമൂഹിക നവോദ്ധാനത്തിൻെറ ഉണർത്തുപാട്ടായി . ഇടതുപക്ഷ ആശയങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ സാമൂഹിക മുന്നേറ്റത്തിന്റെ സംഭാവനകൾ വിശദമായ പഠനത്തിനും ഒരു സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാക്കേണ്ടതാണ്. കേരളത്തിന്റെ മതനിരപേക്ഷത സുഗമമായി നിലനിർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകുന്ന പങ്കിന്റെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോൾ മത-രാഷ്ട്രീയ സംഘടനകളുടെ ദുർബലമാകുന്ന വിലപേശൽ ശേഷി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച തിരിച്ചടി കേരളത്തിന്റെ മതനിരപേക്ഷിത സ്വഭാവത്തിനു സംഭവിച്ച അപചയത്തിന് തെളിവാണ്. സാമൂഹിക നവോത്ഥാനത്തിന് നൂറ്റാണ്ടിലെ ഏറ്റവും വലിയ നേർക്കാഴ്ചയായി പുരോഗമന ചിന്താഗതിക്കാർ ഉയർത്തിക്കൊണ്ടുവന്ന ശബരിമല വിഷയം ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിക്ക് കാരണമായെങ്കിൽ കേരളത്തിന്റെ പ്രമുഖമായ രാഷ്ട്രീയ സാമൂഹിക ‘പ്രബുദ്ധതയ്ക്ക്’ എന്തൊക്കെയോ വ്യതിയാനങ്ങൾ സംഭവിക്കുന്നു എന്ന് കരുതണം.

ഇവിടെയാണ് കേരളം ബംഗാളിൻെറ വഴിക്കാണോ സഞ്ചരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ജാതിമത ശക്തികൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ബംഗാൾ. ഇന്ത്യ വിഭജനത്തെത്തുടർന്ന് ഉണ്ടായ വർഗീയകലാപങ്ങളും അഭയാർഥി പ്രവാഹവും എല്ലാം ജാതിമത ശക്തികൾക്ക് ബംഗാളിൽ പിടിമുറുക്കാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാൽ ജാതിമതചിന്തകൾക്ക് ഉപരിയായി മാനവികതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഒരു പറ്റം നേതാക്കൾ ബംഗാളിനെ മതേതര ഇന്ത്യയുടെ കളിത്തൊട്ടിലായി വളർത്തിക്കൊണ്ടുവന്നു. ഡോക്ടർ ബി സി റോയ്, അജയ് മുഖർജി, ജ്യോതിബസു, പ്രഫുല്ല ചന്ദ്രസെൻ തുടങ്ങിയ നേതാക്കളുടെ ശ്രമങ്ങൾ ബംഗാളിനെ വർഗീയ കോമരങ്ങളിൽ നിന്ന് അകറ്റിനിർത്തി. മാനവികതയ്ക്ക് പ്രാധാന്യം നൽകിയ ഈ നേതാക്കന്മാർ ബംഗാളിൽ ഉയർത്തിയ സംരക്ഷണഭിത്തി ആണ് തകർന്നടിഞ്ഞിരിക്കുന്നത്. ബംഗാളിലെ പോലെ കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി നേരിടുകയാണെങ്കിൽ പകരം ഉയർന്നു വരുന്നത് വർഗീയശക്തികൾ ആയിരിക്കും എന്ന് നിസ്സംശയം പറയാം. ഇതാണ് കേരളവും ബംഗാളിന്റെ വഴിക്കാണോ എന്ന് സംശയിക്കാൻ കാരണം.

വലതുപക്ഷ ഭരണകാലത്ത് മതജാതി ശക്തികൾക്ക് ഭരണ-രാഷ്ട്രീയ മേഖലകൾ ലഭിക്കുന്ന സ്വാധീനം ഇടതുഭരണത്തിൽ ഇല്ലാത്തതും ഇന്നത്തെ കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്കിന്റെ തെളിവാണ്. വലതുപക്ഷ ഭരണം കൈയാളുമ്പോൾ സർവ്വകലാശാലകളും മന്ത്രി നിയമനങ്ങളിലും തൊട്ടു സർവതിലും കൈകടത്താൻ ജാതിമത ശക്തികൾക്ക് സാധിച്ചിരുന്നു. ഇത്തരത്തിലുള്ള കൈകടത്തലുകൾക്ക് അതിർവരമ്പിടാനും സർവോപരി മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ താങ്ങി നിർത്താനും ഇടതുപക്ഷത്തിന്റെ നിലനിൽപ്പ് അത്യന്താപേഷിതമാണ് .

 

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.