ഒരുകാലത്ത് ആഡംബര വീടും കാറുകളുമൊക്കെയായി അതിസമ്പന്നതയില്‍ കഴിഞ്ഞിരുന്ന അനിത ഇന്ന് അന്തിയുറങ്ങുന്നത് മരണത്തണലില്‍. ഒരു സുപ്രഭാതത്തില്‍ ദുരിതക്കയത്തിലേക്ക് വഴുതിവീണതാണ് ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിനി അനിത ബാലുവിന്റെ (46) ജീവിതം.

ആഡംബരവീടും വാഹനങ്ങളും ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം നൂതനസൗകര്യങ്ങളോടെ ഓഫീസുകളും കോടിക്കണക്കിന് രൂപയുടെ സ്വത്തും സ്വന്തമായിരുന്നു അനിതയ്ക്ക്. നാട്ടിലും അതിലേറെ സ്വത്തുക്കള്‍. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ദുരന്തം അനിതയുടെ ജീവിതം മാറ്റി മറിച്ചു.

ആലപ്പുഴ മുതുകുളം സ്വദേശി ബാലുവാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞയുടന്‍ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയതാണ്. സ്വന്തമായി ഇലക്ട്രോ മെക്കാനിക്കല്‍ ബിസിനസ് ആയിരുന്നു. 2000 ജീവനക്കാരുള്ള കമ്പനി. അനിതയും ബാലുവുമായിരുന്നു പ്രധാന ബിസിനസ് പങ്കാളികള്‍.

യു.എ.ഇ.യിലെ ബാങ്കുകളില്‍നിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി. പിന്നീട് മൂന്നുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടില്‍പോയ ഭര്‍ത്താവ് തിരിച്ചുവന്നതുമില്ല. വായ്പ അനിതയുടെ പേരിലാണോ അതോ അവര്‍ ജാമ്യം നിന്നതാണോ എന്ന് വ്യക്തമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാസ്‌പോര്‍ട്ടും വിസയും കാലാവധി കഴിഞ്ഞു. സിവില്‍കേസ് നിലനില്‍ക്കുന്നതിനാല്‍ യാത്രാവിലക്കുമുണ്ട്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഒരു മകന്‍ ദുബായിലെ സ്‌കൂള്‍ ജീവനക്കാരനാണ്. മറ്റൊരു മകന്‍ നാട്ടിലും. മകന്‍ അമ്മയെ കാണാന്‍ ബര്‍ദുബായില്‍ വരാറുണ്ട്.

എന്നാല്‍ മകന്റെ കൈയില്‍നിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ഇല്ലെന്ന വാശിയിലാണ്. അനിത ഒന്നരമാസത്തോളമായി കഴിയുന്നത് ബര്‍ദുബായ് ക്ഷേത്രത്തിനുസമീപത്തെ വേപ്പുമരച്ചുവട്ടിലാണ്. ദുബായ് പോലീസും സന്നദ്ധപ്രവര്‍ത്തകരും സഹായം നല്‍കുന്നുണ്ട്.

മറ്റൊരിടത്തേക്ക് മാറാനോ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരടക്കം താത്കാലിക താമസയിടം അനുവദിച്ചിട്ടും പോകാനോ കൂട്ടാക്കിയില്ല. കേസെല്ലാം തീര്‍ത്തുകൊണ്ട് നിയമപരമായി താമസരേഖകള്‍ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാന്‍ അനിതയ്ക്ക് സാഹചര്യമൊരുക്കാനായി പരിശ്രമിക്കുകയാണെന്ന് ഓര്‍മ ദുബായ് ഭാരവാഹി ഷിജു ബഷീര്‍ പറഞ്ഞു. ഗായിക കൂടിയായിരുന്ന അനിത ഡോ. ഓമനക്കുട്ടിയുടെ ശിഷ്യയുമാണ്.