പെരിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി ആൻലിയ (25) യുടെ മരണം ദുരൂഹമോ?. ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ ദുരൂഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറയുന്പോഴും മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായാണ് ആൻലിയയുടെ മാതാപിതാക്കളായ പാറയ്ക്കൽ ഹൈജിനസ്(അജി), ലീലാമ്മ എന്നിവർ പറയുന്നത്. മകളുടെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ ആരോപണം.
ഓമനിച്ചുവളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച മകൾ ഒരു ദിനം തങ്ങളിൽനിന്ന് അകന്നെന്ന വാർത്ത ഞെട്ടലോടെയാണ് ഇവർ കേട്ടത്. തൃശൂർ സ്വദേശിയാണ് മകളുടെ ഭർത്താവ്. ചിലരെ സംശയമുള്ളതായി ഇവർ പോലീസിനെ അറിയിച്ചിരുന്നു. എല്ലാ തെളിവുകളും ഉണ്ടായിട്ടും അന്വേഷണം നടത്തുന്ന ഗുരുവായൂർ പോലീസ് മനപൂർവമായ അലംഭാവം കാട്ടുകയാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ ഏതാനും ദിവസംമുന്പ് കൊച്ചിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
സംഭവം ഇങ്ങനെ
കഴിഞ്ഞ ഓഗസ്റ്റ് 28നു രാത്രി 10.40ന് നോർത്ത് പറവൂർ വടക്കേക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പെരിയാർ പുഴയിലാണ് ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. എട്ടുമാസം മാത്രം പ്രായമുള്ള ആണ്കുഞ്ഞിന്റെ അമ്മയായ ആൻലിയ മരിക്കുന്പോൾ എംഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു. ബംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ഭർത്താവ് ഓഗസ്റ്റ് 25നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആൻലിയയെ കൊണ്ടുവിട്ടിരുന്നതായും അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന പരാതി ഇയാൾ പോലീസിൽ നൽകിയതായും മാതാപിതാക്കൾ ആരോപിച്ചു.
ആൻലിയയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു. കാണാതായെന്നു പറയുന്ന ദിവസം വൈകുന്നേരം മകളെ വിളിച്ചപ്പോൾ പീഡനം മൂലം ഇവിടെ നിൽക്കാനാകില്ലെന്നും ബംഗളൂരുവിലേക്കു പോകുകയാണെന്നു പറഞ്ഞതായും പിന്നീടു മകളുടെ അഴുകിയ ശരീരമാണു കാണാൻ കഴിഞ്ഞതെന്നുമാണു മാതാപിതാക്കൾ പറയുന്നത്.
മരണശേഷം ലഭിച്ച മകളുടെ ഡയറി, വരച്ച ചിത്രങ്ങൾ, പരിസരവാസികൾ തങ്ങളോടു പറഞ്ഞ കാര്യങ്ങൾ, സഹോദരന് അയച്ച മെസേജുകൾ എന്നിവ പരിശോധിച്ചാൽ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് അമ്മ ലീലാമ്മ പറയുന്നു.
മകളുടെ മരണത്തിനു കാരണക്കാരായവർക്കെതിരേ നടപടി സ്വീകരിക്കുംവരെ പോരാടുമെന്നും നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണു മാതാപിതാക്കളുടെ ആവശ്യം.
പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾ മാധ്യമപ്രവർത്തകർക്കായി നൽകിയ കുറിപ്പിനൊപ്പം ചില വിവരങ്ങൾകൂടി ചേർത്തിരുന്നു. അതിലൊന്നാണ് മകൾ പോലീസിൽ നൽകാനെഴുതിയ പരാതി. 17 പേജുകളിലായാണു ആൻലിയ എഴുതിയിട്ടുള്ളത്. ഭർതൃകുടുംബത്തിലെ ഒാരോരുത്തരെയും പൂർണമായിത്തന്നെ വിവരിക്കുന്നു. പരാതി എഴുതിയതല്ലാതെ മകൾ ഇത് പോലീസിനു കൈമാറിയിരുന്നില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.
ഭർതൃവീട്ടുകാരിൽ ഒരാളൊഴികെ മറ്റുള്ളവർ തനിക്കെതിരായിരുന്നുവെന്നാണു പരാതിയുടെ സാരം. കല്യാണത്തിനു മുന്പും അതിനുശേഷവുമുള്ള പൂർണ വിവരങ്ങൾ ഈ പരാതിയിലുണ്ട്. പൂർണ ഗർഭിണിയായിരിക്കുന്പോൾ വിഷമതകൾ അനുഭവിക്കേണ്ടിവന്നതായാണ് ഇതിൽ പറയുന്നത്. മകൾ വരച്ച ഒരു ചിത്രവും ഇവർ കൈമാറി. പെണ്കുട്ടി കരഞ്ഞുകൊണ്ട് ഇരിക്കുന്ന ചിത്രമാണിത്. തന്റെ മാനസികാവസ്ഥ മകൾ വരച്ചുകാട്ടുകയായിരുന്നുവെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു. മകളുടെ ദുരൂഹമരണത്തിൽ ബലമായ പല സംശയങ്ങളുമുണ്ട്.
ആൻലിയയെ കാണാതായ ദിവസം അവർ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശം, സ്വകാര്യ ഡയറി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ പോലീസ് തയാറായിട്ടില്ല. പ്രതികളാരെന്നു ചൂണ്ടിക്കാട്ടിയെങ്കിലും അന്വേഷണം നടക്കുന്നുവെന്നാണു പോലീസുമായി ബന്ധപ്പെടുന്പോൾ അറിയാൻ കഴിയുന്നതെന്നും ആൻലിയയുടെ മാതാപിതാക്കൾ പറയുന്നു.
പോലീസ് പറയുന്നത്
മരണം സംബന്ധിച്ച് ഉൗർജിതമായ അന്വേഷണമാണ് നടത്തിയതെന്നു പോലീസ് അധികൃതർ പറയുന്നു. വിവിധ തരത്തിൽ അന്വേഷിച്ചു. ഫോണ് കോളുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. പലരെയും ചോദ്യം ചെയ്യുകയും പലരിൽനിന്നുമായി മൊഴികൾ ശേഖരിക്കുകയും ചെയ്തു.
ആൻലിയയുടെ മരണത്തിൽ മാതാപിതാക്കൾ ആദ്യം മുതലേ ദുരൂഹത ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണംതന്നെയാണു നടത്തിയതെന്ന് പോലീസ് പറയുന്നു. ഭർത്താവിനെയും മറ്റും ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ കുടുംബജീവിതവും ആൻലിയയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും പിന്നീട് നടന്ന കാര്യങ്ങളെല്ലാംതന്നെ വിശദമായി അന്വേഷണത്തിന് വിധേയമാക്കി. ഇത് സംബന്ധിച്ചെല്ലാം ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചതുമാണ്. പരിശോധനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ട്രെയിനിൽനിന്നുംവീണ് മരിച്ചതാകാനുള്ള സാധ്യതയാണ് കണ്ടെത്തിയതെന്നും പോലീസ് അധികൃതർ പറയുന്നു.
Leave a Reply