പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തിൽ പെൺകുട്ടിയുടെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരിക്കുകയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ഷാരോണിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികരണലുമായി എത്തിയിരിക്കുകയാണ് അനുജ ജോസഫ്.

അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഓസിനു പുട്ടും കടലയും മേടിച്ചു തിന്നാനും കൂട്ടത്തിൽ സൂക്കേട് തീർക്കാനും മാത്രമായി കുറെ ലവളുമാരും ലവന്മാരും പ്രണയമെന്ന പേരിൽ ഇറങ്ങി തിരിച്ചതാണ് ഇന്നത്തെ ഓരോ ദുരന്തങ്ങൾക്കും പുറകിൽ. ഇതിനിടയിൽ ആത്മാർഥമായി പ്രണയിക്കുന്നവരും പഴി കേൾക്കേണ്ടി വരുമെന്നതാണ് മറ്റൊരു സത്യം.

പ്രണയമെന്ന പേരിൽ വീണ്ടും ഒരു മരണം കൂടി. കാമുകി എന്നു പറയപ്പെടുന്നവൾ കുടിക്കാൻ നൽകിയ കഷായവും ജ്യൂസും കുടിച്ചു പാറശ്ശാല ഷാരോൺ രാജെന്ന യുവാവ് മരണപ്പെട്ടു. ഷാരോണിന് നൽകിയ കഷായം താനും ഉപയോഗിച്ചിരുന്നുവെന്നും(ആ കഷായം സൂക്ഷിച്ച ബോട്ടിൽ ആക്രിക്ക് കൊടുത്തെന്നും, അതെവിടെ നിന്നു വാങ്ങിച്ചുമെന്നുള്ള ചോദ്യങ്ങൾക്കു അവ്യക്തമായ മറുപടി മാത്രം) താനിപ്പോഴും ജീവനോടെ ഉണ്ടല്ലോ അതോണ്ട് ‘നിരപരാധി’ പട്ടം ചാർത്തണമെന്ന അവകാശവാദവുമായി പെങ്കൊച്ചും,

ജാതകപ്രകാരം ഈ നിരപരാധിനിയുടെ(നാമം എവിടെയും കണ്ടില്ല, അതോണ്ടാണ്‌)ആദ്യത്തെ ഭർത്താവ് മരണപ്പെടുമെന്ന വിശ്വാസത്തിൽ ആണോ കൊല്ലപ്പെട്ട ഷാരോനിനെ വീട്ടുകാർ അറിയാതെയൊ, അറിഞ്ഞോ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള ആരോപണങ്ങൾ കേൾക്കുന്നു.
ജ്യൂസ്‌ കുടിച്ചതിനാലാണ് ഷാരോൺ അവശനിലയിലായെന്നും പറയപ്പെടുന്നു. ഏതായാലും പോലീസ് അന്വേഷണം തുടരുന്നു. വാസ്തവം എന്തായാലും ഇവിടെ ഒരു ജീവൻ കൂടി നഷ്‌ടപ്പെട്ടിരിക്കുന്നു.അതും പ്രണയത്തിന്റെ ബാക്കിപ്പത്രമാണോ എന്നും കൂടെ അറിയേണ്ടതുള്ളു.

അപ്പനും അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും നഷ്‌ടപ്പെട്ടു.ബാക്കിയുള്ളോർക്കു കേവലം കുറച്ചു ദിവസത്തേയ്ക്കുള്ള ചർച്ചാവിഷയവും. ആമ്പിള്ളേരോടും പെങ്കൊച്ചുങ്ങളോടും പറയാൻ ഒന്നേയുള്ളു, നിങ്ങൾ പ്രണയമെന്നും പറഞ്ഞു തമ്മിൽതല്ലി ചാകാൻ ഇറങ്ങുമ്പോൾ, ഇതൊന്നും അറിയാതെ മക്കൾ എങ്ങനേലും ഒന്നു കര പറ്റണെയെന്ന പ്രാർത്ഥനയുമായി വീട്ടിലിരിക്കുന്ന മാതാപിതാക്കളെ ഓർക്കുക (എവിടെ ഓർക്കാൻ അല്ലെ, പക തീർക്കാനും,സ്വർത്ഥതയ്ക്കും ഒക്കെ വേണ്ടി വെമ്പൽ കൊള്ളുന്നതിനിടെ ഇതിനൊക്കെ സമയം കിട്ടണ്ടേ )

ഒറ്റ ദിവസം കൊണ്ടു പൊട്ടി മുളച്ചതല്ല ഒരു കുഞ്ഞും, ഓരോ മാതാപിതാക്കളുടെയും ചോരയും നീരുമാണ് അവരുടെ കുഞ്ഞുങ്ങൾ.വല്ലവർക്കും കൊല്ലാനും ശിക്ഷിക്കാനും സ്വർത്ഥത കാണിക്കാനും ഉള്ളതല്ല ആരുടെയും ജീവൻ. അതോടൊപ്പം വല്ലോരുടെയും cashum സമയവും ജീവിതവും നാണമില്ലാതെ സ്നേഹമെന്നു നടിച്ചു കൈപ്പറ്റിയിട്ടു, കണ്ണടച്ചു നടന്നകലുന്ന, ഉളുപ്പില്ലാത്ത ലവന്മാരെയും ലവളുമാരെയും കാർക്കിച്ചു തുപ്പിയിട്ടു മുന്നോട്ടു നടക്കാൻ പഠിക്കണം. ജീവിതം രക്ഷപ്പെട്ടല്ലോ എന്ന സമാധാനം എങ്കിലും നിങ്ങൾക്കുണ്ടാകും.

മറിച്ചു ഒരു തെറ്റും ചെയ്യാത്ത കുറെ പാവങ്ങളുടെ കണ്ണുനീർ വീഴ്ത്തിയിട്ടു എന്തു നേടാനാണ്. അവൾ തേച്ചു, അവൻ ഒട്ടിച്ചു, മറിച്ചുമൊക്കെയുള്ള ഡയലോഗ് നു കുട പിടിക്കാൻ നിന്നാൽ കൂടെ കൈയടിക്കുന്നവരൊന്നും ജയിലഴി എണ്ണാൻ കാണില്ല എന്ന ഓർമ്മയും ഗുണം ചെയ്യും. ഇവിടെ ഷാരോൺ രാജിന്റെ നാമമില്ലാത്ത പ്രണയിനിയ്ക്കു മാത്രമല്ല ജീവിതത്തിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നത്, അവന്റെ കുടുംബത്തിനും വാനോളമുണ്ടായിരുന്നു അവനെകുറിച്ചുള്ള സ്വപ്നങ്ങൾ, ആ ആത്മാവിനു നിത്യശാന്തി നേരുന്നു.