കളര്‍കോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍.
തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. അപകടം നടന്ന ദിവസംതന്നെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. നിലവില്‍ നാല് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരീശങ്കര്‍, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദ് എന്നിവരാണ് ചികിത്സയിലുള്ളത്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. കൃഷ്ണദേവിന് തിങ്കളാഴ്ചരാത്രി തന്നെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷൈന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്
Leave a Reply