കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയുടെ മൃതദേഹം ഖബറടക്കി. 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
പുലർച്ചെ 3.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. തുടർന്ന് കൊടുങ്ങല്ലൂർ മേത്തലയിൽ അൻസിയുടെ വീട്ടിലെത്തിച്ച മൃതദേഹം പ്രാർഥനക്ക് ശേഷം കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബറടക്കി.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഇന്നസെന്‍റ് എം.പി, എം.എൽ.എമാരായ ടി.വി ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, റോജി എം. ജോൺ, അൻവർ സാദത്ത്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ അടക്കം നൂറിലധികം പേർ അന്തിമോപചാരം അർപ്പിച്ചു. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസറും ബന്ധുവും നേരത്തേ നാട്ടിലെത്തിയിരുന്നു.
ഭർത്താവ് അബ്ദുൽ നാസറിനൊപ്പം ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലെത്തിയ അൻസി, ഭീകരെൻറ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലൻഡിൽ കാർഷിക സർവകലാശാല വിദ്യാർഥിനിയായിരുന്നു അൻസി.
Leave a Reply