പുൽപള്ളി ∙ ദാസനക്കര വനത്തിൽ പുള്ളിമാനിനെ വേട്ടയാടിയ കേസിൽ സ്വകാര്യ ഫാംഹൗസ് ഉടമയും സഹായികളുമടക്കം 3 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. വനമധ്യത്തിലെ വിക്കലത്ത് ഫാംഹൗസ് നടത്തുന്ന കുന്നമംഗലം താമരക്കുളം സ്വദേശി ടി.കെ.രാജേഷ്, ജോലിക്കാരായ കുന്നമംഗലം എഴുത്തോലത്ത് ഇ.എൽ.ശ്രീകുമാർ, കുന്നമംഗലം കണിയാത്ത് കെ.എം.രതീഷ് എന്നിവരെയാണു തോക്കും തിരയും സഹിതം പിടികൂടിയത്.

പാതിരി റിസർവിലെ ഫോറസ്റ്റ് വയൽ ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ പുള്ളിമാനിനെ വേട്ടയാടി ഉന്തുവണ്ടിയിൽ കൊണ്ടുവരുമ്പോഴാണ് പ്രതികള്‍ പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. മാനിറച്ചി കാറില്‍ കടത്താനായിരുന്നു ഇവരുടെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാംഹൗസില്‍ നടത്തിയ പരിശോധനയില്‍ നാടന്‍തോക്ക്, വെടിയുണ്ടകള്‍, സ്ഫോടക വസ്തുക്കള്‍, കാര്‍, കത്തി എന്നിവ കണ്ടെടുത്തു. 2 വര്‍ഷം മുമ്പാണ് രാജേഷ് വനമധ്യത്തിലെ വിക്കലത്ത് ഭൂമിവാങ്ങിയത്.

ചെതലയം റേഞ്ച് ഓഫിസര്‍ കെ.ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ ബി.പി.സുനില്‍കുമാര്‍, കെ.വി.ആനന്ദന്‍, സെക്‌ഷൻ ഫോറസ്റ്റര്‍ കെ.യു.മണികണ്ഠന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.രാജ് മോഹന്‍, എം.മനുപ്രസാദ്, സി.എ.അശ്വിന്‍കുമാര്‍, പി.എസ്.ചിപ്പി, വാച്ചര്‍മാരായ രാജേഷ്, എം.രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സഹായിച്ചര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നു സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാര്‍ അറിയിച്ചു.