ലണ്ടന്‍: ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയ കുടിയേറ്റ നയങ്ങളെയും അഭയാര്‍ത്ഥികളോടുള്ള സമീപനത്തെയും പഴി പറഞ്ഞ് കുടിയേറ്റ വിരുദ്ധ സമീപനം സ്വീകരിക്കുന്ന നേതാക്കള്‍. ലണ്ടനിലെ സാംസ്‌കാരിക വൈവിധ്യമാണ് ആക്രമണത്തിനു കാരണമെന്ന വാദവുമായി യുകിപ് മുന്‍ നേതാവ് നിഗല്‍ ഫരാഷ് രംഗത്തെത്തി. ഭിന്ന സംസ്‌കാരങ്ങള്‍ വളര്‍ത്താനുള്ള രാഷ്ട്രീയ പിന്തുണയാണ് തീവ്രവാദ ആശയയങ്ങളുള്ളവര്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഫരാഷ് ആരോപിക്കുന്നത്. എന്നാല്‍ ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനാണെന്നതും കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലുും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നതും വിസ്മരിച്ചുകൊണ്ടാണ് ഫരാഷ് ഈ പ്രസ്താവന നടത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ഫരാഷ് ട്രംപിന്റെ കുടിയേറ്റ നയത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്ന വാദവും ഉന്നയിക്കുന്നു. ആക്രമണത്തേത്തുടര്‍ന്ന് രാജ്യം ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും താന്‍ അത് വിശ്വസിക്കുന്നില്ലെന്നും ഫരാഷ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ നേതാക്കള്‍ ഇനി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ എന്നിവരെ ഉദ്ദേശിച്ച് ഫരാഷ് പറഞ്ഞു.

ലോകമെങ്ങും നിന്ന് കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സെര്‍ച്ച് പാര്‍ട്ടികളെ നിയോഗിച്ച ടോണി ബ്ലെയറും കുറ്റക്കാരനാണെന്ന് യുകിപ് നേതാവ് ആരോപിക്കുന്നു. കുറ്റക്കാര്‍ ആരൊക്കെയെന്ന് പറയാനുള്ള സമയമായിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ നേതാക്കള്‍ ചെയ്ത കാര്യങ്ങള്‍ നൂറു വര്‍ഷത്തിലേറെയായി നാം ജീവിച്ചു വന്ന സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന വിധത്തിലായിരിക്കുകയാണ്. 1997ല്‍ സാംസ്‌കാരിക വൈവിധ്യമുള്ള ലണ്ടന്‍ സൃഷ്ടിക്കണമെന്ന് താല്‍പര്യമെടുത്ത ബ്ലെയറിനെ തെരഞ്ഞെടുത്തതു മുതല്‍ നമുക്ക് സംഭവിച്ചത് വലിയ പിഴവുകളാണെന്നും ഫരാഷ് കുറ്റപ്പെടുത്തുന്നു.

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന മരിന്‍ ലീ പെന്നിനെപ്പോലെയുള്ള കടുത്ത വലതുപക്ഷാഭിമുഖമുള്ള നേതാക്കളും ബ്രിട്ടന്റെ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ കാക്കേണ്ടതിന്റെയും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. പോളണ്ട് പ്രധാനമന്ത്രി ബിയാറ്റ ഷിഡ്‌ലോയും യൂറോപ്യന്‍ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.