രക്ഷപ്പെട്ട കോവിഡ്-19 രോഗികളില്‍ നിന്നെടുത്ത ആന്റിബോഡി എടുത്തുള്ള ചികിത്സ 100 ശതമാനം വിജയമെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. കൊറോണാവൈറസിനെതിരെ വിജയകരമായി പ്രയോഗിക്കാനുള്ള മരുന്നന്വേഷിച്ചു പരക്കംപായുന്ന സമയത്ത് വന്നിരിക്കുന്ന ഈ വാര്‍ത്ത പ്രതീക്ഷനല്‍കുന്നതാണ്. നേരത്തെ കോവിഡ്-19 ബാധിച്ച് രക്ഷപെട്ടവരില്‍ നിന്നെടുത്ത ആന്റിബോഡി, രോഗബാധിതരായ 10 പേരില്‍ കുത്തിവച്ചു നടത്തിയ പരീക്ഷണമാണ് വിജയകരമായെന്നു പറയുന്നത്. നേരത്തെ രക്ഷപ്പെട്ടവരില്‍ നിന്നെടുത്തു കുത്തിവച്ച ‘ഒരു ഡോസ് ആന്റിബോഡി’യാണ് ഈ 10 രോഗികള്‍ക്കും രക്ഷ നല്‍കിയിരിക്കുന്നത് എന്ന് തങ്ങള്‍ കരുതുന്നതായി ഗവേഷകര്‍ പറഞ്ഞു. ആന്റിബോഡി ഉപയോഗിച്ചതിനു ശേഷം ഈ 10 പേര്‍ക്കും രോഗലക്ഷണങ്ങള്‍ കുറഞ്ഞു എന്നതു കൂടാതെ അവരുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവു വര്‍ധിക്കുകയും വൈറല്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു തുടങ്ങിയതായും അവര്‍ പറയുന്നു.

ചൈനയിലെ മൂന്ന് ആശുപത്രികളിലാണ് ഈ പ്രാരംഭ പഠനം നടത്തിയിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാഡമീസ് ഓഫ് സയന്‍സസിലാണ്. ഇങ്ങനെ, രോഗംവന്നു പോയവരില്‍ നിന്ന് ശേഖരിക്കുന്ന ഇമ്യൂണ്‍ ആന്റിബോഡീസ്, രോഗമുള്ളവരില്‍ കുത്തിവയ്ക്കുന്ന രീതിയെ വിളിക്കുന്നത് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി എന്നാണ്. മുൻപ്, പോളിയോ, വസൂരി, മുണ്ടിനീര്, ഫ്‌ളൂ തുടങ്ങിയവയ്ക്ക് എതിരെയും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. മറ്റു പല ചികിത്സകളെക്കാളും ഇത് ചിലര്‍ക്ക് ഗുണകരമാകുന്നു എന്നാണ് മുന്‍ അനുഭവങ്ങളും കാണിച്ചുതരുന്നത്. മറ്റു പല രീതിയിലുമുള്ള ചികിത്സകളേക്കാള്‍ കോണ്‍വാലസന്റ് പ്ലാസ്മാ തെറാപി പല രോഗങ്ങള്‍ക്കും ഗുണകരമായ ചരിത്രം ഉണ്ട്.

നിലവില്‍ കൊറോണാവൈറസിനെതിരെ പ്രതിരോധകുത്തിവയ്പ്പ് സാധ്യമല്ലാത്തതിനാല്‍, കോണ്‍വാലസന്റ് പ്ലാസ്മാ തെറാപി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഈ പരീക്ഷണം രോഗം വഷളായവരിലാണ് കൂടുതലും നടത്തുന്നത്.

കണ്ടെത്തലുകള്‍

തങ്ങള്‍ ചില താത്പര്യജനകമായ കണ്ടെത്തലുകള്‍ നടത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. അവര്‍ ചികിത്സ നടത്തിയ ഒരു 46 കാരനായ രോഗിക്ക് ഒരു ഡോസ് കോണ്‍വാലസന്റ് പ്ലാസ്മയാണ് നല്‍കിയത്. കോവിഡ്-19 വൈറസിനെ പുറത്താക്കാനായി നല്‍കിയ ഈ തെറാപ്പിയിലൂടെ അദ്ദേഹത്തിന് 24 മണിക്കൂറിനുള്ളല്‍ രക്ഷപ്പെടാനായി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ചികിത്സ നടത്തിക്കഴിഞ്ഞ് മറ്റു പല രോഗികളെയും പോലെയല്ലാതെ, നാലു ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ രോഗിക്കു വിട്ടുമാറിയതായും പറയുന്നു.

തങ്ങള്‍ ചികിത്സിച്ച 10 രോഗികളുടെ കാര്യത്തിലും ഇതു തന്നെയാണ് നടന്നിരിക്കുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഒരു 49 വയസ്സുകാരിക്ക് കടുത്ത കോവിഡ്-19 ബാധയായിരുന്നു ഉണ്ടായിരുന്നത്. അവരിലും പരീക്ഷണം വിജയിച്ചു. അവര്‍ക്ക് മറ്റു രോഗങ്ങളൊന്നുമില്ലാതിരുന്നു എന്നതും പരിഗണിക്കേണ്ട ഒരു കാര്യമാണ്. അതുപോലെതന്നെ ഒരു 50 വയസ്സുകാരന് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി നടത്തിയ ശേഷം 25 ദിവസത്തിനുള്ളില്‍ ഫലം കണ്ടുവെന്നും ഗവേഷകര്‍ പറയുന്നു.

കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി നടത്തിയ പത്തു രോഗികളില്‍ ഒരാളുപോലും മരിച്ചില്ല എന്നതാണ് ഗവേഷകര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന നേട്ടങ്ങളിലൊന്ന്. ഒരു രോഗിയുടെ മുഖത്ത് ക്ഷതമേറ്റതു പോലെ ഒരു ഭാഗം ചുവന്നു തടിച്ചുവന്നു. ഇത് അപ്രതീക്ഷിതമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. അതല്ലാതെ എടുത്തു പറയേണ്ട മറ്റു മാറ്റങ്ങളൊന്നും ഇല്ലാതെയാണ് 10 രോഗികളും രക്ഷപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ ചികിത്സ തേടിയെത്തിയവരാണ് ഇവരെല്ലാം.

ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടയാള്‍ പറയുന്നത് ഇതൊക്കെയാണെങ്കിലും കുടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം കോണ്‍വാലസന്റ് പ്ലാസ്മ ഏതളവില്‍ നല്‍കുന്നതാണ് ഗുണകരമാകുക എന്നതും ഏതു ഘട്ടത്തിലുള്ള രോഗിക്കാണ് ഇത് ഉപകാരപ്രദമാകുക എന്നതും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.