പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.
ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.
2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.
അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.
Leave a Reply