കൽപറ്റ ∙ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. വയനാട് വാഴവറ്റയിലെ മുങ്ങനാനി വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 67 ലീറ്റർ മദ്യം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിൽ നിലവിൽ ലില്ലി ജോസ് പ്രതിയല്ലാത്തതിനാലാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഭാവിയിൽ അന്വേഷണത്തിന്റെ ഭാഗമായി ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, നോട്ടിസ് നൽകിയ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന ലില്ലി ജോസിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസിന്റെ പേരിലാണെന്നും ആന്റോ അഗസ്റ്റിൻ വിചാരണ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ വാദിച്ചിരുന്നു. ജപ്തിയിലായ വീട് ലില്ലി ജോസ് വാങ്ങിയതാണെന്നും ആന്റോ വാദിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം പലതവണ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കൽപറ്റ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.











Leave a Reply