യുജിസി നെറ്റ് പരീക്ഷയെന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ബാലികേറാമല തന്നെയാണ്. ഉറക്കമിളച്ചും കഠിനാദ്ധ്വാനം ചെയ്തുമൊക്കെ തന്നെയാണ് പല വിദ്യാര്‍ത്ഥികളും അദ്ധ്യാപനമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ കടമ്പ കടക്കുന്നത്. ഇക്കുറി നെറ്റ് വന്നപ്പോഴും നമ്മള്‍ കേട്ടു. ഭഗീരഥ പ്രയത്‌നത്തിനൊടുവില്‍ നെറ്റ് നേടിയ കുറേ മിടുക്കന്‍മാരുടേയും മിടുക്കികളുടേയും കഥകള്‍. എന്നാല്‍, പത്ത് നെറ്റുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുപമ എം ആചാരി എന്ന വിദ്യാര്‍ത്ഥി.
ജാതിയും മതവും പണവുമാണ് മിക്ക കോളേജുകളിലും ജോലി കിട്ടാന്‍ മാനദണ്ഡമെന്നും അനുപമ പറയുന്നു. മുപ്പത്തിയഞ്ച് ലക്ഷം വരെ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി പി.എസ്.സി ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു. എന്നും അനുപമ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു.
അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ യുജിസി നെറ്റ് എക്‌സാമിന്റെ റിസല്‍ട്ട് വന്നു. ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ള പലരുടെയും വിജയം അവര്‍ പോസ്റ്റിലൂടെ എക്‌സ്പ്രസ്സ് ചെയ്യുകയും അതിനു ഞാന്‍ വരവ് വക്കുകയും ചെയ്തു. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍. അതോടൊപ്പം കയ്‌പേറിയ ഒരു സത്യം വിജയികള്‍ക്കായി പങ്ക് വയ്ക്കുന്നു. Anupama m nath എന്ന എനിക്ക് english ലിറ്ററേച്ചറില്‍ പത്തു നെറ്റ് ആണ് ഉള്ളത്. Jrf കിട്ടാനായി പലതവണ എഴുതിയപ്പോഴും അത് കിട്ടാതെ വരികയും അങ്ങനെ പത്തു നെറ്റില്‍ എത്തി നില്‍ക്കുകയും ചെയ്തു. കോളേജ് അധ്യാപിക ആവുക എന്നത് മാത്രം ആയിരുന്നു പത്താം ക്ലാസ്സ് മുതല്‍ക്കുള്ള സ്വപ്നം. പ്ലസ് ടു സയന്‍സ് എടുത്തു പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെങ്കിലും. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എടുത്തു.
മഹാരാജാസില്‍ പിജി ചെയ്യുമ്പോഴും മനസ്സ് നിറയെ ആ കോളേജില്‍ തന്നെ ഭാവിയില്‍ പഠിപ്പിക്കുന്ന അനുപമ ടീച്ചര്‍ ആയിരുന്നു. കൂടെ ഉള്ള കൂട്ടുകാര്‍ പലരും മുപ്പതും, നാല്പത്തി അഞ്ചു ലക്ഷവും ഒക്കെ കൊടുത്തു മാനേജ്‌മെന്റ് കോളേജുകളില്‍ കയറിപ്പറ്റിയപ്പോള്‍ അതൊക്കെ നോക്കി നിന്നതേയുള്ളൂ. നിരാശപെട്ടില്ല. നേരത്തെ തന്നെ ഒരു കുട്ടിയോട് ലക്ഷങ്ങള്‍ വാങ്ങി സീറ്റ് ഉറപ്പിച്ചിട്ട് നമ്മളെ ഇന്റര്‍വ്യൂ എന്ന നാടകത്തിനു ക്ഷണിച്ചു മണ്ടി യാക്കിയപ്പോഴാണ് ഇതിനു പിന്നിലെ മാഫിയയെ കുറിച്ച് വ്യക്തമായി അറിയുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റില്‍ ക്രിസ്ത്യാനിക്ക് ജോലി, മുസ്ലിം മാനേജ്‌മെന്റില്‍ മുസ്ലിമിന്.
ഹിന്ദുക്കള്‍ക്ക് പിന്നെ ഒരു ജാതി ഒരു മതം ആയതു കൊണ്ട്, ഏറ്റവും കൂടുതല്‍ കാശ് കൊടുക്കുന്നവരെ എടുക്കും. പറവൂര്‍ കോളേജിലെ മാനേജ്‌മെന്റിന്റെ തലപ്പത്തെ ഒരാള്‍ എന്നെ രഹസ്യമായി മാറ്റിനിര്‍ത്തി പറഞ്ഞത് ഇങ്ങനെ ‘അറിയാലോ, ഇവിടെ ടെന്‍ഡര്‍ സിസ്റ്റം ആണ്, ഇപ്പോള്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ‘. 22വയസുള്ള എനിക്ക് ആകെ കേട്ടു കേള്‍വി രാവണപ്രഭുവിലെ concealed ടെന്‍ഡറിന്റെ സീന്‍ ആണ് ! അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി psc ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.
ഈ വര്‍ഷം വളരെ കഷ്ടപ്പെട്ട് psc നൂറു അപ്പോയിന്റ്‌മെന്റ് നടത്തി. എഴുന്നൂറു പേരോളം ഉള്ള ലിസ്റ്റില്‍ നിന്നാണെന്ന് ഓര്‍ക്കണം. എന്റെ റാങ്ക് 275. ഈ ലിസ്റ്റില്‍ നിന്നു 300 പേരെ എങ്കിലും എടുക്കാന്‍ സര്‍ക്കാരിന് കഴിയും. പക്ഷെ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് സമ്മതിക്കില്ല എന്നാണ് കേള്‍ക്കുന്നത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യത ആയി തീരും എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് കോളേജുകളില്‍ ലക്ഷങ്ങള്‍ മേടിച്ചു അപ്പോയിന്റ്‌മെന്റ് നടത്തുന്ന അധ്യാപകര്‍ക്ക് salary നല്കുന്നത് ഗവണ്‍മെന്റ് ആണ്. അതിനു ബാധ്യത ഒന്നും ഇല്ലപോലും !! അധ്യാപകരുടെ salary അറിയാമല്ലോ. മാനേജ്‌മെന്റ് കോളേജുകളില്‍ 9 മണിക്കൂറിനാണ് ഒരു അധ്യാപകന്‍ എങ്കില്‍, govt കോളേജുകളില്‍ അത് പതിനാറു മണിക്കൂറാണ്. എന്തൊരു വിവേചനം ആണ് ഇതെന്ന് ഓര്‍ക്കണം.
പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ ആണ് പഠിപ്പിക്കുന്നത്. മനപ്പൂര്‍വം ആണ് അപ്പോയിന്റ്‌മെന്റ് നടത്താത്തത്. ഗസ്റ്റുകള്‍ക്ക് കുറച്ചു കാശ് കൊടുത്താല്‍ മതിയല്ലോ. പലര്‍ക്കും salary കിട്ടാറില്ല എന്നുതന്നെ കേള്‍ക്കുന്നു. നല്ല പ്രായത്തില്‍ ldc എഴുതിയത് കൊണ്ട് ഇപ്പോള്‍ സര്‍വീസ് എട്ടുവര്‍ഷം ആയി.
അതുകൊണ്ട് നെറ്റ് കിട്ടിയവര്‍ സന്തോഷിച്ചോളു. നല്ലത് തന്നെ. ഞങ്ങളുടെ നളന്ദ അക്കാഡമിയില്‍ ഞാന്‍ പഠിപ്പിച്ച രണ്ടു പേര്‍ക്ക് ഇത്തവണ നെറ്റ് കിട്ടി. പക്ഷെ നിങ്ങള്‍ നേരിടാന്‍ പോകുന്നത് വലിയൊരു സമസ്യ ആണ്. ഞങ്ങളുടെ list ഇനിയും മൂന്നുവര്‍ഷം കൂടി ഉണ്ട്. അത് കഴിഞ്ഞേ അടുത്ത നോട്ടിഫിക്കേഷന്‍ വരികയുള്ളു. ഒരുപാടു പഠിച്ചിട്ടും റാങ്ക്‌ലിസ്റ്റില്‍ വന്നിട്ടും ജോലി കിട്ടാതെ നില്‍ക്കുന്ന ഞങ്ങളില്‍ പലരുടെയും ഗതികേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആത്മഹത്യ ചെയ്യും എന്നുവരെ പറയുന്ന പലരെയും എനിക്കു പരിചയം ഉണ്ട്. അഞ്ചു വര്‍ഷങ്ങള്‍ ആണ് ഒരു പരീക്ഷ എഴുതി റിസല്‍റ്റ് വന്നു റാങ്ക്‌ലിസ്‌റ് ആവാന്‍ എടുക്കുന്നത്. യുവജനങ്ങളോടുള്ള വെല്ലുവിളി ആണ് പല psc പരീക്ഷകളും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെ. റാങ്ക്‌ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനി വല്ല മീന്‍ കച്ചവടവും നടത്തി മീഡിയ അറ്റന്‍ഷന്‍ നേടേണ്ടി വരും.
Leave a Reply