നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് ആലുവ പോലീസ് ക്ലബില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായത് അതീവ നാടകീയമായി. അപ്പുണ്ണി രാവിലെ ഹാജരാകുമെന്ന് അറിഞ്ഞ് വന്‍ മാധ്യമപടയാണ് പൊലീസ് ക്ലബിന് മുന്നില്‍ തമ്പടിച്ചിരുന്നത്. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങളും അറിയിച്ചിരുന്നു.

എന്നാല്‍ 10.45 ഓടെ അപ്പുണ്ണിയുടെ രൂപവുമായി സാദൃശ്യമുള്ള ഒരാള്‍ പോലീസ് ക്ലബിന്റെ പ്രധാന കവാടത്തില്‍ കാറില്‍ വന്നിറങ്ങി. മാധ്യമപ്രവര്‍ത്തകര്‍ ഇയാളോടെ അപ്പുണ്ണിയാണോ എന്ന് ചോദിച്ചു. അതെ, എന്ന് മറുപടിയും ലഭിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും പറയാനില്ലെന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

ഈ സമയം ഒരു വാഹനത്തിൽ യഥാര്‍ഥ അപ്പുണ്ണി എത്തുകയും മാധ്യമങ്ങൾക്കു മുഖം നൽകാതെ പൊലീസ് ക്ലബ്ബിലേയ്ക്ക് ഓടിക്കയറുകയും ചെയ്യുകയായിരുന്നു. അതേസമയം, ആദ്യം വന്നയാൾ അപ്പുണ്ണിയുടെ സഹോദരനാണെന്നും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചതാണെന്നും അഭ്യൂഹമുണ്ട്

കടപ്പാട്: മീഡിയാ വൺ ന്യൂസ്