ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ത്യയിൽ അതിവേഗം പടർന്നുപിടിക്കുന്ന പുതിയ കോവിഡ് വകഭേദം യുകെയിലും ഉള്ളതായി സ്ഥിരീകരിച്ചു. ഒരു മാസമായി രാജ്യത്ത് ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഒരു പുതിയ പതിപ്പാണ് ആർക്ടറസ് എന്ന് പേരു നൽകിയിരിക്കുന്ന ജനിതക മാറ്റം വന്നിരിക്കുന്ന പുതിയ വൈറസ് .
നിലവിൽ പകരുന്ന മറ്റ് പല വകഭേദങ്ങളെക്കാൾ മാരക ശേഷിയുള്ള പുതിയ വൈറസിന് XBB. 1.6 എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. ഈ വൈറസിന്റെ വ്യാപനം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്ഥിതി വളരെ ഗുരുതരമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ . പല ആശുപത്രികളും റെഡ് അലേർട്ടിലാണ്. മറ്റുള്ളവയെ അപേക്ഷിച്ച് 13 മടങ്ങ് വ്യാപന ശേഷിയുള്ള പുതിയ വൈറസ് കാരണം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധിതമാക്കിയിരിക്കുകയാണ്.
യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ വേരിയന്റിന്റെ സാന്നിധ്യം യുകെയിലുണ്ടെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി 50 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ വൈറസ് യുകെയിൽ പടർന്നു പിടിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇപ്പോഴേ പറയാൻ സാധിക്കില്ലെന്നാണ് ഈസ്റ്റ് ആംഗ്ലീയ സർവകലാശാലയിലെ സാംക്രമിക രോഗങ്ങളിൽ വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ പറഞ്ഞത്. പുതിയ വൈറസ് വകഭേദം 22 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത് ഇന്ത്യയിലാണ്. ഒറ്റദിവസംകൊണ്ട് 3122 കേസുകൾ വർദ്ധിച്ച് നിലവിലെ രോഗികളുടെ എണ്ണം 40215 ആയതായി കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതും ആക്ടറസിന്റെ വ്യാപനശേഷിയെ കുറിച്ച് കടുത്ത ആശങ്ക ഉയരാൻ കാരണമായിട്ടുണ്ട്.