വന്‍ തുക നഷ്ടം രേഖപ്പെടുത്തിയ തോമസ് കുക്ക് എയര്‍ലൈന്‍ കമ്പനി അടച്ചു പൂട്ടുമോ എന്ന ആശങ്കയില്‍ ഹോളിഡേകള്‍ ബുക്ക് ചെയ്തവര്‍. കമ്പനി 1.5 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തിയതിനു പിന്നാലെ യാത്രകള്‍ക്കായി ബുക്ക് ചെയ്തവരാണ് ആശങ്കകള്‍ രേഖപ്പെടുത്തുന്നത്. സമ്മര്‍ ഹോളിഡേകള്‍ക്കായി നേരത്തേ ബുക്ക് ചെയ്തവരാണ് തങ്ങളുടെ പണവും യാത്രയും നഷ്ടമാകുമെന്ന ഭീതിയില്‍ എത്തുന്നത്. യുകെയിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എയര്‍ലൈന്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.
തോമസ് കുക്കിന്റെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജില്‍ നിരവധി പേരാണ് ചോദ്യങ്ങളും ആശങ്കകളും കുറിക്കുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. മെനോര്‍ക്കയിലേക്ക് ആറാഴ്ച ഹോളിഡേക്കായി തിരിക്കുകയാണ് താനെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. നിങ്ങള്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങുകയാണോ, ഒക്ടോബറില്‍ ഒരു ഹോളിഡേയ്ക്കായി ബുക്ക് ചെയ്തിട്ടുള്ളതിനാലാണ് ചോദിക്കുന്നത് എന്നാണ് മറ്റൊരു യാത്രക്കാരന്‍ കുറിച്ചത്. അതേസമയം സാമ്പത്തിക പ്രതിസന്ധി യാത്രകളെയും ഭാവി ബുക്കിംഗുകളെയും യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്.
ബുക്കിംഗുകള്‍ക്ക് എടിഒഎല്‍ സംരക്ഷണമുള്ളതിനാല്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എയര്‍ലൈന്‍ അറിയിക്കുന്നു. തോമസ് കുക്കിന് കമ്പനിയുടെ മൂല്യത്തേക്കാള്‍ നാലിരട്ടി ബാധ്യതകളുണ്ടെന്ന വാര്‍ത്തകളാണ് യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയത്. കഴിഞ്ഞ ആറു മാതസത്തിനിടെ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനി രേഖപ്പെടുത്തിയ നഷ്ടം.
Leave a Reply