ലണ്ടന്‍ : പലിശ നിരക്കുകള്‍ ദശാബ്ദത്തിലെ വര്‍ധനയ്ക്ക് ഒരുങ്ങവെ പൗണ്ട് മൂല്യം ഇടിയുമെന്ന് ആശങ്ക. മുമ്പ് പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന വാര്‍ത്തകള്‍ പൗണ്ടിന് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ ആശങ്കയിലായി. ഏറെനാളായി പൗണ്ട് മൂല്യം 88 -90 നിലയില്‍ ഏതാണ്ട് സ്ഥിരതയില്‍ തുടരുകയായിരുന്നു. ബ്രക്‌സിറ്റ് ഹിതപരിശോധനയോടെ വീണുപോയ പൗണ്ട് തിരിച്ചു കയറി വരുകയായിരുന്നു. ഏപ്രിലില്‍ 94.24 എന്ന നിലയില്‍ പൗണ്ട് എത്തിയിരുന്നു.

പലിശ നിരക്കുകള്‍ വര്‍ധിപ്പിയ്‌ക്കേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. മിക്കവാറും അടുത്തയാഴ്ച പ്രതീക്ഷിക്കാം. പലിശ നിരക്കുകളില്‍ 0.75 ശതമാനം വരെ വര്‍ദ്ധനവ് ആണ് ഉണ്ടാവുക. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍ണി പറഞ്ഞിരുന്നു.

ബ്രക്‌സിറ്റ് ആശയക്കുഴപ്പവും പൗണ്ടിന്റെ തിരിച്ചടിക്ക് കാരണമാകാനിടയുണ്ട്. ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.