കമ്പം ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ തമിഴ്‌നാട്. തമിഴ് നാട്ടിലെ കമ്പത്താണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പിടിച്ച് ആനയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റേയും പോലീസിന്റെയും ഭാഗത്ത് നിന്നും തുടരുകയാണ്. കമ്പം ടൗണിലൂടെ ഓടി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പന്‍ അതിന് ശേഷം ഇപ്പോള്‍ നഗരത്തിന് സമീപത്തെ പുളിമരക്കാട്ടില്‍ ശാന്തനായി ഒളിച്ചു നില്‍ക്കുകയാണ്.

ആനയെ മുകളിലേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്ഒ മാരും തേനി എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പും പറയുന്നത്. ആകാശത്തേക്ക് വെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് ഓടിക്കാനുള്ള സാഹചര്യം പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വെയ്ക്കൂ.

ഇന്ന് രാവിലെയായിരുന്നു അരികൊമ്പന്‍ കമ്പത്തെ നഗരത്തില്‍ ഇറങ്ങിയത്. ആന നില്‍ക്കുന്ന സമീപത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ലോവര്‍ പെരിയാര്‍ മേഖലയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരികൊമ്പന്‍ ഇവിടെയെത്തിയത്. നഗരത്തിലൂടെ പരിഭ്രാന്തി പരത്തി ഓടിയ അരികൊമ്പന്‍ ഓട്ടോറിക്ഷകള്‍ തകര്‍ത്തിരുന്നു. അതിന് ശേഷം ആള്‍ക്കാര്‍ ബഹളം വെയ്ക്കുകയും വാഹനങ്ങള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണുകള്‍ മുഴക്കുകയും ചെയ്തതോടെയാണ് ആന പുളിമരക്കാട്ടിലേക്ക് കയറിയത്.

ആനയിടഞ്ഞ സാഹചര്യത്തില്‍ കമ്പത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കാര്‍ ആരും തന്നെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പം നഗരത്തിലേക്ക് ആള്‍ക്കാര്‍ കടന്നുവരാന്‍ സാഹചര്യവുമുള്ള ചെറിയ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.