കരിപ്പൂരില്‍ നടന്ന സ്വര്‍ണം ‘പൊട്ടിക്കല്‍’ കേസില്‍ പോലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവോടെ. ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായി ഒരാള്‍ വരുന്നുണ്ടെന്നും അത് സ്വീകരിക്കാന്‍ കരിപ്പൂരില്‍ മറ്റുചിലര്‍ എത്തുന്നുണ്ടെന്നുമുള്ള കൃത്യമായ വിവരം ആയങ്കിക്ക് ലഭിച്ചു. വാങ്ങാനെത്തുന്നവര്‍ സ്വര്‍ണം കൈപ്പറ്റുമ്പോള്‍ അത് തട്ടിക്കൊണ്ട് പോവുകയായിരുന്നു ലക്ഷ്യം. രണ്ട് പാര്‍ട്ടികളേയും അര്‍ജുന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. ഇതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.
എല്ലാം നിയന്ത്രിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണ്. കേസില്‍ അഞ്ചുപേരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും എസ്.പി അറിയിച്ചു. കൊള്ളനടത്താന്‍ ഗൂഢാലോചന നടത്തിയതിനുള്ള ഐ.പി.സി 399 വകുപ്പ് പ്രകാരമാണ് അര്‍ജുനെതിരേ കെസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. കാക്കനാട് വീടെടുത്ത് സംഘങ്ങളുമായി ഇവിടെ ഒത്തുകൂടിയാണ് കേരളത്തിലെ മിക്ക സ്വര്‍ണതട്ടിപ്പ് കേസിലും ഇവര്‍ പദ്ധതിയിടുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വെമ്പായം സ്വദേശിയായ മറ്റൊരാളേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.
കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പദ്ധതി.
2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ ഈയടുത്തായി സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.
Leave a Reply