ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അർജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവർക്കും നന്ദിയറിയിച്ച് കുടുംബം.
ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സർക്കാരിനും ഈശ്വർ മാല്‍പെയ്ക്കുമെല്ലാം നന്ദിയറിയിച്ചു.അർജുന്റെ സഹോദരീഭർത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അർജുന്റെ മരണത്തില്‍ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുന് 75,000 രൂപ ശമ്ബളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.
തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്റഫും താങ്ങായി മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്റഫ് എം.എല്‍.എ.യുമായി ചേർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജർ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍നിന്ന് വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അർജുന് ലഭിച്ചത്.
ലോറിയുടമ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ച കുടുംബം, ഫണ്ട് പിരിവിൻ്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങൾ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടിൽ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരും. അർജുന്റെ പേരിൽ മനാഫ് നടത്തുന്ന ഫണ്ട് പിരിവ് നിർത്തണമെന്ന് കുടുബം ആവശ്യപ്പെട്ടു.
മനാഫിന് അമ്മയുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നത് പച്ചക്കള്ളമാണ്. അമ്മയെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയാണ്. ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിക്കുകയായിരുന്നു. മനാഫ് യൂട്യൂബ് ചാനൽ നടത്തി കാഴ്ചക്കാരുടെ എണ്ണം എടുക്കുകയായിരുന്നു. ട്രഡ്ജർ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് ഈ കാര്യങ്ങൾ പറയുന്നതിൽ വിലക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത് പറയാതിരുന്നത്. കാർവാർ എസ്പി മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇത് മുഴുവൻ വഴിത്തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്ന് എസ് പിയും പറഞ്ഞിരുന്നുവെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply