തമിഴ്നാട്ടില്‍നിന്നു കാണാതായ ബൈബിളിന്റെ ആദ്യ തമിഴ് വിവര്‍ത്തനമെന്ന് കരുതുന്ന കൈയെഴുത്തുപ്രതി ലണ്ടനില്‍ കണ്ടെത്തി അന്വേഷണ സംഘം. കിങ്‌സ് കലക്ഷനിലാണു കൈയെഴുത്തുപ്രതി തമിഴ്‌നാട് പൊലീസിന്റെ വിഗ്രഹ വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയത്.

തഞ്ചാവൂര്‍ ജില്ലയിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍നിന്ന് കാണാതായതാണ് ഈ കൈയെഴുത്തുപ്രതിയെന്നാണു കരുതപ്പെടുന്നത്. ഡാനിഷ് മിഷനറി ബാര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗ് 1715-ലാണു ബൈബിള്‍ പുതിയ നിയമത്തിന്റെ തമിഴ് വിവര്‍ത്തനം തയാറാക്കിയതെന്നു പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

1682-ല്‍ ജനിച്ച ബര്‍ത്തലോമിയസ് തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള, കിഴക്കന്‍ തീരത്തെ ചെറിയ ഡാനിഷ് കോളനിയായ ട്രാന്‍ക്വിബാറില്‍ (തരംഗംപാടിയുടെ ആംഗലേയ രൂപം) എത്തിയിരുന്നു. അച്ചടിശാല സ്ഥാപിച്ച അദ്ദേഹം തമിഴ് ഭാഷയെയും ഇന്ത്യന്‍ മതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1719-ല്‍ 37-ാം വയസില്‍ ബര്‍ത്തലോമിയസ് മരിച്ചു. പുതിയ നിയമത്തിന്റെയും ഉല്പത്തിയുടെയും തമിഴ് വിവര്‍ത്തനം, തമിഴിലെ നിരവധി ഹ്രസ്വ രചനകള്‍, രണ്ട് പള്ളി കെട്ടിടങ്ങള്‍, സെമിനാരി, 250 ജ്ഞാനസ്‌നാനം ചെയ്ത ക്രിസ്ത്യാനികള്‍ എന്നിവ അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്.

പുതിയ നിയമത്തിന്റെ ആദ്യ പ്രതി ഷ്വാര്‍ട്‌സ് എന്ന മറ്റൊരു മിഷനറി അന്നത്തെ ഭരണാധികാരിയായിരുന്ന തുലാജി രാജാ സെര്‍ഫോഗിക്കു കൈമാറിയെന്ന ശക്തമായ ഊഹാപോഹമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. പുരാവസ്തു പുസ്തകം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.

പുരാതന ബൈബിള്‍ ലൈബ്രറിയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി 2005-ല്‍ സെര്‍ഫോജി കൊട്ടാരത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തഞ്ചൂര്‍ വെസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട്, 2017 ലെ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380-ാം പ്രകാരം വിഗ്രഹ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബൈബിള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു.

അന്വേഷണത്തിനിടെ, സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ച സംഘം 2005-ല്‍ ഒരു കൂട്ടം വിദേശികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തി. ഈ സന്ദര്‍ശകര്‍ ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നു വിഗ്രഹവിഭാഗം ചൂണ്ടിക്കാട്ടി.

പിന്നീട് നിരവധി പുരാതന ശേഖരണ വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത അന്വേഷണ സംഘം ആയിരക്കണക്കിന് അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ലഘുലേഖകളും ഉള്‍പ്പെടുന്ന ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ ശേഖരത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നാണു കാണാതായ ബൈബിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ രാജാ സെര്‍ഫോഗിയുടെ ഒപ്പോടെ അച്ചടിച്ചതാണ് ഈ ബൈബിള്‍.

യുനെസ്‌കോ ഉടമ്പടി പ്രകാരം ബൈബിള്‍ വീണ്ടെടുക്കാനും സരസ്വതി മഹല്‍ ലൈബ്രറിയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാനും കഴിയുമെന്നു വിഗ്രഹവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.