ലണ്ടന്‍: റഷ്യയില്‍ നിന്ന് ഉയരുന്ന ഭീഷണികളെ ചെറുക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെന്ന് ബ്രിട്ടീഷ് സൈനിക മേധാവി. റഷ്യയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് സുരക്ഷാഭീഷണികള്‍ ഉയരുന്നത്. അതിനാല്‍ ഒരു യുദ്ധത്തിനുള്ള തയ്യാറടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും കരസേനാ മേധാവി ജനറല്‍ സര്‍ നിക്ക് കാര്‍ട്ടര്‍ പറഞ്ഞു. പ്രതിരോധ മേഖലയില്‍ ബജറ്റ് വെട്ടിക്കുറയ്ക്കലുകള്‍ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണ് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണിന്റെ അംഗീകാരത്തോടെ നിക്ക് കാര്‍ട്ടര്‍ ഈ പ്രസ്താവന നടത്തിയത്.
റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് ജനറല്‍ കാര്‍ട്ടര്‍ ഇക്കാര്യം സൂചിപ്പിച്ചത്. റഷ്യയുടെ പുതിയ സൈബര്‍ യുദ്ധ ശേഷിയേക്കുറിച്ചും സന്നാഹങ്ങളെക്കുറിച്ചും കാര്‍ട്ടര്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. സിറിയയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് ദീര്‍ഘദൂര ശേഷിയുള്ള റഷ്യയുടെ മിസൈല്‍ വ്യൂഹത്തെക്കുറിച്ചും കാര്‍ട്ടര്‍ പരാമര്‍ശിച്ചു. 1500 കിലോമീറ്റര്‍ അകലെ നിന്നാണ് റഷ്യ സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിലേക്ക് 26 മിസൈലുകള്‍ കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചത്.
യുകെയ്ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള സൈനിക തയ്യാറെടുപ്പുകളാണ് റഷ്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവ ഇപ്പോള്‍ യൂറോപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ക്രെലിന്റെ സൈനികശേഷിയോട് കിടപിടിക്കാന്‍ ഇപ്പോഴത്തെ നിലയില്‍ യുകെയ്ക്ക് സാധിക്കില്ല. ഇവ കണക്കിലെടുത്ത് ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൈനിക നിക്ഷേപം നടത്തണമെന്നാണ് കരസേനാ മേധാവി ആവശ്യപ്പെടുന്നത്
Leave a Reply