ജാമ്യം ലഭിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അര്‍ണബ് ജയില്‍ മോചിതനായത്. പിന്നാലെ റിപബ്ലിക് ടിവി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അര്‍ണബിന്റെ വെല്ലുവിളി.
‘ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളെ പരാജയപ്പെടുത്തി. ഒരു പഴയ കള്ളക്കേസില്‍ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ’ എന്നാണ് അര്‍ണബ് പറഞ്ഞത്.
ഉദ്ധവ് താക്കറേയെ വെല്ലുവിളിച്ചതിന് പുറമെ എല്ലാ ഭാഷയിലും ചാനല്‍ സംപ്രേഷണം ചെയ്യുമെന്നും അര്‍ണബ് പറഞ്ഞു. റിപബ്ലിക് ടിവിയെ തകര്‍ക്കാനുള്ള എല്ലാ ശ്രമവും ചെറുക്കും. ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അര്‍ണബ് പറഞ്ഞു. തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകരോടുള്ള നന്ദിയും അര്‍ണബ് പറഞ്ഞു.
ഏഴുദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ തലോജ ജയിലില്‍ നിന്ന് അര്‍ണബ് പുറത്തിറങ്ങുന്നത്. നവംബര്‍ എട്ടുമുതല്‍ തലോജ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ മൂന്നുവട്ടം ചോദ്യം ചെയ്തതായി അര്‍ണബ് പറഞ്ഞു. ഇന്റീരിയല്‍ ഡിസൈനര്‍ അന്‍വെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് പ്രേരണാക്കുറ്റം ചുമത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അന്‍വെയുടെ ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.
Leave a Reply