കള്ളനോട്ടുകള്‍ നല്‍കി യുവാവ് തൊണ്ണൂറ്റിമൂന്നുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കഴിഞ്ഞ ദിവസം കേരളക്കര കേട്ടത്. ജീവിതമാര്‍ഗം നിലച്ചുപോയ കോട്ടയം സ്വദേശിയായ ദേവയാനിയമ്മയെ തേടി നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയത്.

ഇതോടെ വീണ്ടും ലോട്ടറിക്കച്ചവടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ദേവയാനി. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് സംഭവം. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് യുവാവ് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്.

ഈ യുവാവ് ഇല്ലാതാക്കിയത് ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമായിരുന്നു. ദേവയാനിയമ്മയുടെ വിഷമം കേട്ടറിഞ്ഞ് നിരവധി സുമനസ്സുകളാണ് സഹായവുമായി എത്തിയത്.

പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവരാലാകുന്ന ഒരു തുക അമ്മയ്ക്ക് കൈമാറി. വീണ്ടും ലോട്ടറിക്കച്ചവടത്തിനിറങ്ങിയതോടെ പഴയതിലും സന്തോഷത്തിലാണ് ദേവയാനിയമ്മ. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ക്കൊണ്ട് തരുമെന്നും സഹായിച്ചവര്‍ക്കെല്ലാം ഒത്തിരി നന്ദിയെന്നും ദേവയാനിയമ്മ പറയുന്നു.