ജോസ്‌ന സാബു സെബാസ്റ്റ്യൻ
വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടുകാരെയുമൊക്കെ വിട്ട് വല്യ വിമാനം കേറിയവരാണ് ഞങ്ങൾ പ്രവാസികൾ ….
ഇത് നമ്മുടെ നാട്ടിൽ ജീവിക്കാനുള്ള ആസ്തി ഇല്ലായ്മകൊണ്ടൊന്നുമായിരുന്നില്ല …മറിച്ചു ഞങ്ങളൊക്കെ മത്സത്തിൽ ഓടാൻ തുടങ്ങിയപ്പോളേ സ്വയം മടുത്തതുകൊണ്ടാണ് …
അത്യാവശ്യം തരക്കേടില്ലാതെ ജീവിച്ചു പോകാനുള്ള ജീവിത ചുറ്റുപാടുകളും ജോലിയുമൊക്കെയുണ്ടായിട്ടും മാതാപിതാക്കളെ കണ്ണീർ അണിയിച്ചുകൊണ്ട് വണ്ടികേറേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഞങ്ങൾ പ്രവാസികൾക്ക് പറയാനുണ്ടാകും… അപ്പോൾ കാര്യത്തിലേക്ക് വരാം.
ജനനം മുതൽ തങ്ങൾക്ക് ചുറ്റും കണ്ടുവളരുന്ന പലവിധ മത്സരയിനങ്ങളായ…
കുട്ടികളുടെ പഠന ഫീസ്…
ഏറ്റവും കൂടുതൽ ഫീസുള്ളിടത്ത് പഠിപ്പിക്കാനുള്ള തത്രപ്പാട് …
സ്‌കൂളിൽ ഒന്നാമതാകാൻ ട്യൂഷൻ ഫീസ് മുടക്കിയുമുള്ള തത്രപ്പാട് അങ്ങനെ അങ്ങനെ …
സ്‌കൂളിൽ പോകുന്ന തന്റെ കുഞ്ഞിൻെറ സ്‌കൂൾ ബാഗ് കുട എന്തിനേറെ പെൻസിൽ ബോക്സുവരെ മറ്റുള്ളവരെക്കാൾ ഒരു പിടി കൂടിനിന്നില്ലങ്കിൽ ഒരു ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ് നമ്മൾ മാതാപിതാക്കളും കുട്ടികളും .
എന്നാലും ഇന്നും ഒരുമാറ്റവുമില്ലാതെ ഏറ്റവും കൂടുതൽ ട്രെൻഡിൽ ഓടിക്കൊണ്ടിരിക്കുന്നത് മലയാളിയുടെ വീടും, ജോലിയും കല്യാണവുമാണ് . ഇപ്പോൾ ഇതൊന്നും കൂടാതെ സേവ് ദി ഡേറ്റ് കൂടി അകമ്പടി പാലിച്ചിട്ടുണ്ട് ….
എന്നാൽ ഒരു സാധാ മലയാളി നമ്മുടെ നാട്ടിൽ ജോലിചെയ്താൽ കിട്ടുന്നത് 20,000 രൂപ ആയിരിക്കാം . ആ കിട്ടുന്നതിൽ നിന്നു പെട്രോൾ, ബസ് കൂലി , അയലോക്കത്തെ കല്യാണം, നൂലുകെട്ട് ,പേരിടൽ അല്ലെങ്കിൽ മരണം ഇവയ് ക്കെല്ലാം മറ്റുള്ളവർ കൊടുക്കുന്നതിനേക്കാൾ ഇത്തിരി കൂട്ടി കൊടുത്തില്ലെങ്കിൽ നഷ്ടമാകുന്ന മാനവും മനഃസമാധാനവും. ഇതെല്ലം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കഞ്ഞി മുളകുകൂട്ടി കഴിക്കാൻ പറ്റിയാലായി.
ഇനി ഈ മേല്പറഞ്ഞതൊക്കെ സാധിച്ചു പ്രസ്റ്റീജ് മേടിച്ചെടുക്കണമെങ്കിൽ നമ്മൾ യുദ്ധം ചെയ്യേണ്ടിവരുക വീട്ടിലെ പേസ്റ്റിനോടും, തേഞ്ഞു തീർന്ന ബ്രഷിനോടും സോപ്പിനോടും കൂടാതെ വർഷങ്ങൾ പഴക്കമുള്ള അണ്ടർവെയറിനോടും ബനിയനോടുമൊക്കെയാണ് . അതാവുമ്പോൾ ഇതൊന്നും ആരും കാണുന്നില്ലല്ലോല്ലേ? …..
അതിനിടയിൽ വീട്ടിലൊരാൾക്ക് അസുഖം കൂടി വന്നാൽ പേരുകേട്ട ഹോസ്പിറ്റലിൽ പോയില്ലെങ്കിലൊരു ഗുമ്മില്ല…അവസാനം ബ്ലേഡുകാരൻ, ലോൺ, ചിട്ടി അങ്ങനെ അങ്ങനെ …..പിന്നീടുള്ള അവന്റെ ജീവിതം മുഴുവൻ കടം വീട്ടൽ കൂടി അവന്റെ നിരന്തര സഹപാഠിയായി കൂടെ കൂടും …
അങ്ങനെ ശ്വാസം കിട്ടാതെ അലഞ്ഞ മലയാളി എങ്ങനെങ്കിലുമൊരു പുറം രാജ്യത്തെത്തിയാൽ പിന്നെ അവന്റെ ഓട്ടത്തിന്റെ ഗതി അവൻ തന്നെ മാറ്റി ശ്വാസമൊരു മന്ദഗതിയിൽ കൊണ്ടുവരും …
അവനൊന്ന് റിലാക്സ് ചെയ്യാൻ തുടങ്ങും .. കാരണം അവിടെ അവനെ അറിയുന്നവരാരുമില്ല..
ഇനി അവനു ശാന്തമായി അവനായി ജീവിക്കാം ..
മക്കളെ സർക്കാർ സ്‌കൂളുകളിൽ വിടാം …
മത്സര പരീക്ഷകളുടെ ഭാരങ്ങളില്ല …
സർക്കാർ ഹോസ്‌പിറ്റലുകളിൽ പോകാൻ മടിയേതുമില്ല …
മതം നോക്കാതെ ഇഷ്ടമുള്ളവരെ പ്രണയിക്കാം…കല്യാണം കഴിക്കാം… ഒഴിവാക്കാം…
കുട്ടികൾ വേണമെന്നോ വേണ്ടന്നോ വക്കാം …
ഇഷ്ടമുള്ള വിശ്വാസം കാത്തുസൂക്ഷിക്കാം …
ഇഷ്ടമുള്ള വസ്ത്രം ധരിക്കാം….
ഇഷ്ട ഭക്ഷണം കഴിക്കാം …
പ്രായപരിധികൾ എണ്ണിപ്പറയാതെ ഇഷ്ടമുള്ള ജോലി …അല്ലെങ്കിൽ കിട്ടുന്ന ജോലി എന്തും ചെയ്യാം ..
ചാരിറ്റി ഷോപ്പിൽ നിന്നോ സെക്കൻഹാന്റായോ ഉടുതുണിമുതൽ വാഹനങ്ങൾ വരെ മേടിക്കാം …
അവിടെ ആരും അവനോട് ചോദിക്കില്ല…
തിരക്കില്ല നമ്മുടെ ഒരു കഥയും ….
മലയാളി ഒഴികേ….
എന്നാലും അണ്ണാൻ മരം കേറ്റം മറക്കുമോ എന്ന പഴഞ്ചൊല്ല് മറക്കാൻ പറ്റാത്ത ചിലർ ഇവിടെനിന്നും നാട്ടിൽ താമസിക്കാനാളില്ലാതെ മണിസൗധങ്ങൾ കെട്ടിവയ്ക്കുന്നു …
ആസ്തികൾ വാങ്ങിക്കൂട്ടുന്നു …
ജോലി ചെയ്തു മരിക്കുന്നു …
മത്സരം മാത്രമറിയാവുന്ന…
ജീവിക്കാൻ മറക്കുന്ന മലയാളി …
(ഒന്ന് മനസിലാക്കുക…ഇന്ന് മത്സരഭീതിയിൽ നെഞ്ചിടിപ്പ് കൂടി മാതൃരാജ്യം വിട്ടു വണ്ടികേറുന്ന യുവതലമുറയുടെ എണ്ണം ഭീമമാണ് …
ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ള സ്ഥലം നമ്മുടെ ഇന്ത്യയാണ് ( 50- 53%).അവരുടെ എനർജി ലെവൽ is at the peak. This is more than enough to bring our nation to the top in everything.
പക്ഷെ അവരെ പിടിച്ചു നിർത്താൻ, അവരുടെ എനർജി ലെവൽ മതിയാവുന്നത്ര ഉപയോഗിക്കാൻ ..പഴയ പല പൊങ്ങച്ച രീതികളും, പഴഞ്ചൻ രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള കസേര ഒഴിഞ്ഞു നമ്മുടെ ചോരത്തിളപ്പുള്ള യുവാക്കൾക്കായി മാറിനിന്നാൽ നമുക്കെത്താം മാനസികമായും രാജ്യപരമായുമൊക്കെ ഒന്നാമത് തന്നെ .)
Gud writing JOSNA
Very nice
👍