ദീർഘനാളത്തെ അസുഖങ്ങൾക്കും ചികിത്സകൾക്കുമൊടുവിൽ മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി മരണത്തിന് കീഴടങ്ങി. ശ്വസനസംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.

1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി ദേശീയ നിർവാഹകസമിതിയിലുണ്ട്.വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അരുൺ ജെയ്റ്റ്‌ലി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്‌ലിയുടെ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രി ഹർഷ വർധൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ നേരത്തെ ആശുപത്രിയിലെത്തി ജെയ്‌റ്റ്‌ലിയെ സന്ദർശിച്ചിരുന്നു.

പ്രാസംഗികന്‍, ജനനേതാവ്, രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം

”ഈ കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ കാണുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയൊരു വഴിത്തിരിവായാണ്. ഈ സര്‍ക്കാര്‍ ഓർമിക്കപ്പെടുക 100 ശതമാനം ആത്മാർഥമായൊരു സര്‍ക്കാരിന്റെ പേരിലായിരിക്കും” തന്റെ കാലാവധി കഴിഞ്ഞ അവസരത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ് ജിഎസ്ടി നടപ്പിലാകുന്നത്. ഗുഡ്‌സ് ആൻഡ് സര്‍വ്വീസിന് ഒരൊറ്റ നികുതി എന്നതായിരുന്നു ജിഎസ്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ട് ട്രില്യണ്‍ എന്ന നേട്ടം കൈവരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ നോട്ട് നിരോധനം നടപ്പിലാക്കുന്നതും ജെയ്റ്റ്‌ലിയുടെ കാലത്തായിരുന്നു. രണ്ടും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. അപ്പോഴും പ്രധാനമന്ത്രിക്കൊപ്പം ജെയ്റ്റ്‌ലി ഉറച്ചു നിന്നു.

1952 ലായിരുന്നു ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവതത്തിലെ നിർണായക ഏടായിരുന്നു അടിയന്തരാവസ്ഥ കാലം. 1973 ല്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്നും ബിരുദം നേടിയ ജെയ്റ്റ്‌ലി നാല് വര്‍ഷത്തിന് ശേഷം നിയമത്തിലും ബിരുദം നേടി. പഠനകാലത്ത് ജെയ്റ്റ്‌ലി എബിവിപിയുടെ പ്രവര്‍ത്തകനായിരുന്നു. 1974 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി. അടിയന്തരാവസ്ഥ കാലത്ത് അമ്പാല ജയിലിലായിരുന്നു ജെയ്റ്റ്‌ലിയെ കരുതല്‍ തടങ്കലലില്‍ പാര്‍പ്പിച്ചത്.

അടിന്തരാവസ്ഥയ്ക്ക് ശേഷം പുറത്തുവന്ന ജെയ്റ്റ്‌ലി നിയമം പഠിക്കുകയും 1980 ല്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. 1989 ല്‍ വി.പി.സിങ് സര്‍ക്കാര്‍ ജെയ്റ്റ്‌ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1991 ല്‍ ജെയ്റ്റ്‌ലി ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയിലെത്തി. പിന്നീട് 1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിലെത്തി ജെയ്റ്റ്‌ലി. പിന്നീട് പാര്‍ട്ടിയുടെ വക്താവായും ജെയ്റ്റ്‌ലി എത്തി. 2003 ല്‍ നിയമ മന്ത്രിയായി വീണ്ടും മന്ത്രിസഭയില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ജെയ്റ്റ്‌ലി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജെയ്റ്റ്‌ലിയായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍, വനിതാ സംവരണം, ലോക്പാല്‍ ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി ജെയ്റ്റ്‌ലി മാറി. പിന്നീട് മോദിയുടെ ഭരണകാലത്ത് ജെയ്റ്റ്‌ലി വീണ്ടും മന്ത്രിസഭയിലെത്തി. ധനമന്ത്രിയായിരിക്കെ തന്നെ പ്രതിരോധത്തിന്റേയും അധിക ചുമതല വഹിച്ചിരുന്നു