കോർഡേലിയ ക്രൂയിസിൽ നടന്ന ലഹരി വേട്ടയിൽ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ആര്യൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികളുടെ ചോദ്യംചെയ്യൽ പൂർത്തിയായത്. തുടർന്ന് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരെ വൈദ്യപരിശോധനയ്ക്കായി എൻസിബി ഓഫീസിൽനിന്ന് കൊണ്ടുപോയി.

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആര്യൻ ഖാന്റെ ഉറ്റസുഹൃത്ത് അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച, നുപുർ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാൽ, വിക്രാന്ത് ഛോക്കർ, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്‌തെന്ന് എൻസിബി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ആര്യൻ ഉൾപ്പെടെ ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിവരങ്ങളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കും. അതിനിടെ, ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവിമുംബൈയിലും മറ്റും ഞായറാഴ്ച റെയ്ഡുകൾ നടന്നു. ഒരാളെ എൻസിബി കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.