ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈയിടെയാണ് ഒരു യുകെ മാന്യനെന്ന് സ്വന്തമായി അവകാശപ്പെടുന്ന ഒരാൾ എന്തൊക്കെയോ ഒരാവേശത്തിന് എന്നെ പറ്റി വിളമ്പി കൂട്ടുന്നത് കണ്ടത് .

എഴുത്തുകാർക്ക് അയാൾ വച്ചിരിക്കുന്ന പോളിസി ആൻഡ് പ്രൊസീജ്യൂഴ്‌സ് പലവിധമാണ് . എഴുത്തു കാർ അങ്ങനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണം .
യുകെയിൽ ഇന്നലെ വന്ന് പെട്ട ഒരു യുവതി ലണ്ടൺ സിറ്റിയുടെ ആശ്ചര്യങ്ങളെ കുറിച്ച് കണ്ണ് തള്ളി എഴുതിയതാണ് അയാൾക്ക് പിടിക്കാതെ പോയത് ……..
ഒരു എഴുത്തു കാരിയെ സംബന്ധിച്ചിടത്തോളം ലണ്ടന്റെ മാസ്മരികത ഒന്നോ രണ്ടോ എഴുത്തിൽ തീരുന്നവയല്ല.

പിന്നെ ഞാനിന്ന് യുകെയിൽ വന്ന് ഏകദേശം 15 വർഷത്തിലേറെയായി . വന്ന നാൾ മുതൽ ഇന്ന് ദേ ഈ എഴുത്തു എഴതി തീർക്കുന്ന ഈ സമയം പോലും ലണ്ടനിലിരുന്നാണ് . പിന്നെ കണ്ട ലണ്ടൻ കാഴ്ചകളെക്കുറിച്ചു ഈ പതിനഞ്ചു വർഷത്തിന് ശേഷം എഴുതാൻ കാര്യം . ഇവിടെ വന്നിറങ്ങിയ നാളുകളിലൊന്നും ഈ നഗരത്തിലെ കാഴ്ചകൾ ഞാൻ കണ്ടിരുന്നില്ല എന്നതാണ് സത്യം . കാഴ്ചകൾക്ക് മുകളിൽ ബാധ്യതകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു . ആ കൂമ്പാരം എന്റെ കാഴച്ചകളെ അത്ര എളുപ്പമാക്കി തന്നിരുന്നില്ല .

ചിലരുടെ ജീവിതം അങ്ങനെ ഒക്കെ ആണ് . വെറും 200 പൗണ്ട് കൊണ്ട് യുകെ യിൽ ഒറ്റക്ക് വന്നിറങ്ങിയ ഒരാളാണ് ഞാൻ . കയ്യിലുള്ളത് തീർന്നാൽ വീട്ടിൽ ചോദിച്ചാൽ അവരുടെ കയ്യിൽ തരാനില്ല എന്ന തിരിച്ചറിവ് ഞാൻ പണ്ടേ നേടിയിരുന്നു . ആ പച്ചയായ സത്യം അറിയാവുന്ന ഞാൻ അന്നത്തെ കാലത്തു ഒരു ക്വിൽട് മേടിക്കാൻ പത്തു പൗണ്ട് കൊടുത്താൽ ബാക്കി 190 പാണ്ടല്ലേ കയ്യിലുള്ളു എന്നോർത്തു തറയിൽ തണുപ്പിൽ പലനാൾ ചുരുണ്ടു കൂടിയിട്ടുണ്ട് .

കാരണം അന്നൊക്കെ സൗത്തെന്റിൽ നിന്ന് ലണ്ടനിലേക്ക് പഠിക്കാനായി എന്നും യാത്ര ചെയ്യാൻ ഒരു ദിവസം കുറഞ്ഞത് പതിനാറു പൗണ്ട് വേണം . ജോലിയില്ല , ജോലി തപ്പി പിടിക്കണം .
അങ്ങനെ ജോലിയില്ലാത്ത ഞാൻ , കയ്യിലുള്ള ഓരോ പൗണ്ടും താഴെ വീഴുന്ന ഒച്ച നന്നായി കേട്ടിരുന്നു. കയ്യിലുള്ള ഓരോ പൗണ്ടും ഓരോ വജ്രങ്ങൾ പോലെ എനിക്കന്ന് എനിക്കനുഭവപെട്ടിരുന്നു .

അന്നൊക്കെ ഒരു പൗണ്ടിന് ഒരു ബൗൾ നിറച്ചു പഴം കിട്ടും . 80 പെൻസിനു ഒന്നേകാൽ ലിറ്റർ പാൽ കിട്ടും . 60 പെൻസിനു ഒരു പാക്കറ്റ് ബ്രെഡ് കിട്ടും . ഒരു പൗണ്ടിന് 6 മുട്ട കിട്ടും. അപ്പൊ പറഞ്ഞു വന്നത് അന്നത്തെ കാലത്തു ഒരാഴ്ച വയറു നിറച്ചിരുന്നത് ഏകദേശം രണ്ടര പൗണ്ട് കൊണ്ടായിരുവെന്നാണ് . ഒരിച്ചിരി അരിയോ കറിവെക്കാനോ മേടിക്കാൻ അന്നത്തെ പേഴ്‌സ് എന്നെ അനുവദിച്ചിരുന്നില്ല . ഞാനൊട്ട് വീട്ടുകാരേ അറിയിച്ചിരുന്നുമില്ല. എന്റെ കൂടെ എന്നെ കൂടാതെ ആറു കുട്ടികൾ കൂടെ താമസിച്ചിരുന്നു. അവരുടെ അവസ്ഥ എന്നെക്കാളും മെച്ചപ്പെട്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

അന്നത്തെ വിസാ വാഗ്ദാനക്കാരുടെ പ്രോമിസനുസരിച്ചു യുകെയിൽ വന്നിറങ്ങിയാൽ ഉടനെ ജോലിയാണ് . ആ വിശ്വാസത്തിൽ നാട്ടിൽ നിന്ന് വണ്ടി കയറിയ എന്റെ മനസ് മുഴുവൻ യുകെയിൽ വന്ന് ഫ്ലൈറ്റിറങ്ങിയ ഉടനെ ആ ക്ഷീണം വച്ച് അന്ന് തന്നെ എങ്ങനെ ജോലിക്കു പോകുമെനന്നായിരുന്നു. അത് ചിന്തിച്ചു വന്നിറങ്ങിയ എനിക്ക് ഏകദേശം മൂന്നു മാസങ്ങൾ കഴിഞ്ഞു ചെറിയ ഒരു ജോലി കിട്ടാൻ .

ജോലിയില്ലാത്ത ആ നാളുകളിൽ എങ്ങനെയെങ്കിലും ഒരു ജോലി കിട്ടുക എന്നതായിരുന്നു ജീവിത ലക്‌ഷ്യം . അത് ലക്ഷങ്ങൾ ഉണ്ടാക്കാനുള്ള കോരിത്തരിപ്പ് കാരണമല്ല . മറിച്ചു നന്നായൊന്നു വയറു നിറക്കാൻ , മൂടിപ്പുതച്ചൊരു രാത്രിയേലും നന്നായി ഒന്ന് ഉറങ്ങാൻ . കെട്ടിയവനേം കൊച്ചിനേം ഒന്ന് കൂടെ കൊണ്ട് വരാൻ …
അങ്ങനെ ജോലി തപ്പി ജോലി തപ്പി മടുത്തു . (അതിന്റെ കഥ ഒന്നൊ രണ്ടോ എഴുത്തിൽ തീരുന്നവ അല്ല അത് പിന്നെ പറയാം. )അവസാനം തണുപ്പിന്റെ ആഘാതം സഹിക്കവയ്യാതെ എന്തും സഹിച്ചു ഒരു ക്വിൽട് വാങ്ങാൻ പ്രിമാർക്കിൽ പോയി . അന്നത്തെ കാലത്തു ഏറ്റവും ചീപ്പായി തുണികിട്ടുന്ന കട വേറെ ഇല്ലായിരുന്നു . പ്രിമാർക്കിൽ ഞങ്ങൾ അഞ്ചു പേരും കൂടിയാണ് പോയത് . ഞങ്ങളിൽ ആർക്കും തന്നെ ജോലി ആയിരുന്നില്ല . എന്തോ ഒരു ധൈര്യത്തിന് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ചൈനീസിനോട് ഒരു ജോലി തരപ്പെടുത്തി തരാമോ എന്ന് ചോദിച്ചു . കേട്ട പാതി കേൾക്കാത്ത പാതി പുള്ളി ആപ്ലിക്കേഷൻ ഫിൽ ചെയ്യിപ്പിച്ചു , CRB അയച്ചു , രണ്ടാഴ്ചക്കുള്ളിൽ ജോലിയിൽ പ്രേവേശിച്ചോളു എന്ന് പറഞ്ഞു . ജോലി വേറൊന്നുമല്ല പ്രിമാർക്ക് ക്ളീനിങ് ആണ് . കട തുറക്കുന്നതിന് മുമ്പേ കട ക്ളീൻ ചെയ്യാൻ സഹായിക്കണം . മണിക്കൂറിന് അഞ്ചു പൗണ്ട് കിട്ടും . പേഴ്‌സിന്റെ കനം നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ അതിന് സമ്മതിച്ചു .അങ്ങനെ ആ ജോലി കിട്ടുന്നതിന് മുമ്പുള്ള രാത്രി ഞാൻ ഉറങ്ങിയില്ല …..കട ക്ളീൻ ചെയ്യുന്നതായിരുന്ന മനസ് മുഴുവൻ . ..

ആ രാത്രിയിൽ ഞാൻ എന്നെ പത്തു വയസായിട്ടും ഒക്കത്തുന്നു താഴെ വെക്കാതെ വളർത്തിയ അമ്മച്ചിയെ ഓർത്തു …..
മുമ്പിലുള്ള ചെറിയ കല്ലുപോലും കാലുകൊണ്ട്‌ തട്ടി മാറ്റി വീഴാതെ നടത്തിയ അപ്പച്ചനെ ഓർത്തു ….
ഒരു കടയിൽ പോലും ഇതുവരെ വിടാത്ത , പച്ചക്കറി അരിഞ്ഞാൽ പോലും കൈമുറിയുമെന്ന് പറഞ്ഞു കത്തി തട്ടി മേടിച്ചു അരിഞ്ഞു തരുന്ന കെട്ടിയോനെ ഓര്ത്തു …….മാതാവേ ആ ജോലിക്കെന്നെ കൊണ്ടുപോകരുതേ എന്ന് അറിയാതെയേലും ഞാൻ പ്രാർത്ഥിച്ചു.

അത്ഭുതകരമെന്ന് പറയട്ടെ , പിറ്റേദിവസം തന്നെ , കട ക്ലീനിങ്ങിനു പോകുന്നതിന് മുമ്പേ തന്നെ നല്ല ഒരു പോഷ് ഇഗ്ളീഷ് നേഴ്‌സിങ് ഹോമിൽ ജോലികിട്ടി . അവിടെ കൊണ്ട് സന്തോഷം തുടങ്ങിയോ എന്ന് ചോദിച്ചാൽ ഇല്ല …….

ലണ്ടനിൽ പോക്ക് പിന്നേം തുടർന്നു …..
ഡിഗ്രികളുടെ സർട്ടിഫിക്കറ്റുകളുടെ എണ്ണവും കനവും കൂടി കൂടി വന്നു ….
അച്ചായനും മൂത്ത കോച്ചും കൂട്ട് വന്നു ….
മക്ഡൊണാള്സ് ഹ്യൂമൻ റിസോർസ് മാനേജ്‌മന്റ് ഉൾപ്പെടെയുള്ള നല്ല നല്ല ജോലി വാഗ്നനങ്ങൾ തേടി വന്നെങ്കിലും വിസ ഒരു വില്ലനായി തളർത്തി ….

കഷ്ടപ്പെട്ട് കയ്യിൽ വന്ന് ചേർന്ന 25 ലക്ഷങ്ങൾ ഒരു രാത്രികൊണ്ട് ചോർത്തിയെടുത്തു വർക്ക് പെർമിറ്റുകൾ ജീവനെടുക്കുന്ന വിനകളായി ….
ഇനി എന്ത് ചെയ്യുമെന്നോർത്തു ഉറങ്ങാത്ത രാത്രികൾ ….
പിന്നെയും തപ്പി പിടിച്ച ജോലികൾ, തപ്പി പിടിച്ച വർക്ക് പെർമിറ്റുകൾ അങ്ങനെ പലതും തട്ടി തെറിപ്പിക്കാൻ കോട്ടിട്ട പല മലയാളികൾ പ്രേമുഖരും തന്നെ മുന്നണിയിൽ നിന്നിരുന്ന നാളുകൾ
….
കാലം പിന്നെയും വ്യത്യസ്ത കാഴ്ചകൾ ഒരുക്കി …
കെയർ ഹോം മാനേജർ ആയി ….
ന്യൂട്രീഷനിസ്റ്റായി …..
ഡിസ്ചാർജ് കോ ഓർഡിനേറ്റർ ആയി ….
രെജിസ്റ്റഡ് നേഴ്‌സായി …..
വീടായി …..
വണ്ടികളായി ….
അവാര്ഡുകളായി …..
പഠിച്ച യൂണിവേഴ്സിറ്റിയിൽ തന്നെ വാൾ ഓഫ് ദി ഫെയിം ആയി ….

ഇന്നൊന്നുമെന്നെ മാനസീകമായി തളർത്തുന്നതൊ…അതിശയിപ്പിക്കുന്നോ ഇല്ല ….
ജീവിതമെന്നേ മാനസികമായും ചിന്താപരമായുമൊക്കെ ഉരുക്കി വാർത്തു …. ഇന്ന് ഞാൻ എന്നെതന്നെ പോളിഷ് ചെയ്യുന്ന തിരക്കിലാണ് ….
ഇന്നെനിക്ക് തൊടിയിൽ ഒരു പൂവിരിഞ്ഞാൽ കൂടി സന്തോഷമാണ്
അതിനിടയിൽ ഇമ്മാതിരി കീടങ്ങളുടെ പുകഴ്ത്തലുകളോ …..
ചോറോച്ചിലുകളോ എന്നെ തെല്ലും മാന്താൻ പ്രേരിപ്പിക്കുന്നില്ല …..

അപ്പോൾ ഞാൻ അയാളോടായ് പറഞ്ഞു വന്നത് ഇന്ന് ഞാൻ ഇത് എഴുതി തീർക്കുന്നതും ലണ്ടൻ സിറ്റിയിൽ തന്നെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ലണ്ടൻ ഐ യും ബിഗ്ബെന്നും പാർലമെന്റും കണ്ടോണ്ട് ജോലി സ്ഥലത്തിരുന്നാണെന്ന് ആണ് …..

(ഈ കഥയെല്ലാം ജീവിതത്തിന്റെ ആട്ടും കാട്ടത്തിന് സമാനമായ ഒരു ചെറിയ ഭാഗം മാത്രം