തനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില്ലെന്ന് ഇന്ത്യന്‍ എ ടീം താരങ്ങളോട് താന്‍ പറയാറുണ്ടായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ലെന്നും അതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളുവെന്നും ദ്രാവിഡ് പറയുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ കോച്ചെന്ന നിലയിൽ നയിക്കുന്നത് ദ്രാവിഡാണ്.

‘എ ടീമിനൊപ്പം ടൂറിന് പോയിട്ട് കളിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥ മോശമാണ്. 700-800 റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിലേക്ക് എത്തുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ മികവ് കാണിക്കാനുള്ള അവസരം ലഭിക്കണം. അതിനായി അണ്ടര്‍ 19ല്‍ ഓരോ കളിക്കിടയിലും സാധ്യമെങ്കില്‍ 5-6 മാറ്റങ്ങള്‍ വരെ ഞങ്ങള്‍ വരുത്തിയിട്ടുണ്ട്.’

‘വെറുതെ ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ല. ഇതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളു നിങ്ങള്‍. കളിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഭേദപ്പെട്ടൊരു വിക്കറ്റ് കളിക്കാന്‍ ലഭിക്കണം. ഭേദപ്പെട്ട കോച്ചിങ് ലഭിക്കണം.’

‘1990ലും രണ്ടായിരത്തിലുമൊന്നും ഇതുപോലെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അറിവിനായി ഞങ്ങള്‍ ദാഹിച്ചിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍, സൗത്താഫ്രിക്കന്‍ കളിക്കാരേയും അവരുടെ ട്രെയിനര്‍മാരേയുമാണ് ഞങ്ങള്‍ നോക്കിയിരുന്നത്’ ദ്രാവിഡ് പറഞ്ഞു.