ജോണ്‍സണ്‍ മാത്യൂസ്

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ഓണാഘോഷം (ആവണി 2017) ഈ മാസം 16-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്ഫോര്‍ഡ് നോര്‍റ്റണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9.30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു ആരംഭിക്കുന്ന ഘോഷയാത്രയോടെ ആവണി 2017ന് തുടക്കം കുറിക്കും. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോനു സിറിയക്ക് (പ്രസിഡന്റ്), ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിന്‍സി അജിത്ത് (ജോയിന്റ് സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. മാവേലി, വിവിധ പ്രഛന്നവേഷധാരികള്‍, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കോല്‍ക്കളി, കലാരൂപങ്ങള്‍, എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.

തുടര്‍ന്ന് ആഷ്ഫോര്‍ഡിലെ 100 കണക്കിനു വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, ബാലന്മാരുടെ കോല്‍ക്കളി, നാടന്‍പാട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍നിന്നു എത്തിച്ചേര്‍ന്ന മാതാപിതാക്കളെയും ഉള്‍പ്പെടുത്തി മൂന്ന് തലമുറയെ ഒരേവേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ളാഷ് മോബ് എന്നിവയ്ക്ക് ശേഷം വാശിയേറിയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യും ഉണ്ടാവും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സുപ്രസിദ്ധ സാഹിത്യകാരിയും ലണ്ടന്‍ ന്യൂഹാം മുന്‍ മേയറുമായ ഡോ. ഓമന ഗംഗാധരന്‍ മുഖ്യാതിഥിയായിരിക്കും. ശേഷം 3.30ന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറി സജികുമാര്‍ ഗോപാലന്‍ രചിച്ച് ബിജു കൊച്ചുതള്ളിയില്‍ സംഗീതം നല്‍കിയ അവതരണഗാനം, അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോടെ ആവണി 2017ന് തിരശ്ശീല ഉയരുന്നു.

പൂതപ്പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്തമാര്‍ന്ന കലാപരിപാടികളാല്‍ ആവണി 2017 കലാ ആസ്വാദകര്‍ക്ക് സമ്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു.

അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ അത്തപ്പൂക്കള മത്സരം സെപ്തംബര്‍ 15-ാം തീയതി മാവേലി നഗറില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

കലാസ്നേഹികളായ മുഴുവന്‍ ആളുകളേയും സെപ്തംബര്‍ 16-ാം തീയതി മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സി. കമ്മിറ്റി അംഗങ്ങളും അറിയിച്ചു.