ബെന്നി അഗസ്റ്റിൻ
കാർഡിഫ്: കാർഡിഫിന്റെ കണ്ണിലുണ്ണിയായിരുന്ന ആശിഷിന് ജനഹൃദയങ്ങളുടെ അന്തിമോപചാരം ഇന്ന് 6 മെയ് കാർഡിഫ് സെന്റ് കാഡോൿസ് കത്തോലിക്ക (CF3 5LQ) പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്നതായിരിക്കും. രാവിലെ 9 മണി മുതൽ പള്ളി ഹാളിൽ വച്ച് പൊതു ദർശനം തുടങ്ങും.10 മണിക്ക് ശവസംസ്കാര പ്രാർത്ഥനകളോടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുകയും തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടുന്നതുമായിരിക്കും. വീണ്ടും 12.30 മുതൽ ദൂരെ നിന്നും അന്തിമോപചാരം അർപ്പിക്കുവാൻ വരുന്നവർക്ക് പൊതുദർശനം ഉണ്ടായിരിക്കും. 4.15ന് അവസാന പ്രാർത്ഥനയോടെ പള്ളിയിൽ നിന്നും തോൺഹിൽ (CF14 9UB) സെമിട്രിയിലേക്കുള്ള അന്തിമ യാത്ര തുടങ്ങും. വെയിൽസ് ക്നാനായ മിഷൻ ഡയറക്ടർ ഫാ: അജൂബ് തോറ്റനാനിയിൽ, സിറോ മലബാർ കാർഡിഫ് മിഷൻ ഡയറക്ടർ ഫാ: പ്രജിൽ പണ്ടാരപ്പറമ്പിൽ, എന്നിവർ ആത്മീയ നേതൃത്വം നൽകുന്നു.
ഏപ്രിൽ 11 ന് അർബുദരോഗത്തെ തുടർന്ന് ആശിഷ് (35) നിര്യാതനായിരുന്നു. കോട്ടയം ജില്ലയിലെ കൂടല്ലൂർ സ്വദേശിയും ഇപ്പോൾ കാർഡിഫ് ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യിൽ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ് അയർലണ്ടിലുള്ള ആഷ്‌ലി സഹോദരിയാണ്. ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്‌ഡിങ്ങിൽ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ, മകൻ ജൈടൻ(4). സഹോദരി ആഷ്ലി അയർലണ്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നു. യുക്മയുടെ മുൻ വെയിൽസ് റീജിയണൽ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ സഹോദരി പുത്രനാണ് ആശിഷ്.
കാർഡിഫിലെ മാത്രമല്ല യുകെയിലെ യുവജനതക്ക് എപ്പോഴും ഒരു മാർഗദർശിയായിരുന്നു ആശിഷ്. ആശിഷ് ഒരു നല്ല ഡാൻസ് കൊറിയോഗ്രാഫർ ആയിരുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്ക്‌കെടുത്തിരുന്നു. കാർഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്നു ആശിഷ്. അതുപോലെ ആശിഷ് വളരെ നല്ല ഒരു നമ്പർ വൺ ബാഡ്മിന്റൺ പ്ലയെർ കൂടിയായിരുന്നു. ദേശീയതലത്തിൽ വളരെയേറെ ബാഡ്മിന്റൺ മത്സരങ്ങളിൽ ചാമ്പ്യൻ ആയിരുന്നു. ആശിഷ് ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എല്ലാവരോടും എപ്പോഴും വളരെ സ്നേഹത്തോടെ മാത്രമേ ഇടപെടുകയുള്ളു. മുപ്പത്തഞ്ചു വർഷത്തെ ഈ ചെറിയ ജീവിതം കൊണ്ട് കുടുംബക്കാർക്കും സമുദായത്തിലുള്ളവർക്കും നാട്ടുകാർക്കും സ്നേഹത്തിന്റെ നറുമലരുകൾ നേർന്ന ആശിഷിനെ സ്മരിക്കാം.
ആദ്യമായി ആളുകളെ കണ്ടതിനുശേഷം തന്റെ നർമ്മവും കുസൃതി നിറഞ്ഞ പുഞ്ചിരിയും കൊണ്ട് മായാത്ത ഒരു മുദ്ര പതിപ്പിച്ച ഒരാളായിരുന്നു ആശിഷ്. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും എല്ലാവരുമായും എപ്പോഴും നല്ല ബന്ധം പുലർത്താനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.
മകന്റെ അകാല വിയോഗത്തിൽ വ്യസനിക്കുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും, യുക്മ ദേശീയ നേതൃത്വവും യുക്മ ന്യൂസും അനുശോചനം അറിയിക്കുകയും ആശിഷിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്യുന്നു.
Leave a Reply