ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിനടീമില്‍ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങും. സഞ്ജുവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ക്രിക്കറ്റ് ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.

പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്കിന്റെ പശ്ചാത്തലത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.

ജനുവരിയിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.

ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേർത്തിരുന്ന തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.

പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്