ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും സമ്മാനിച്ച് മലയാളി താരങ്ങൾ. പുരുഷവിഭാഗം 1,500 മീറ്ററിൽ ജിൻസൺ ജോൺസനും വനിതാ വിഭാഗത്തിൽ പി.യു. ചിത്രയുമാണ് ഇന്ത്യയ്ക്ക് യഥാക്രമം സ്വർണവും വെങ്കലവും സമ്മാനിച്ചത്. നേരത്തെ, 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൺ ഇതോടെ ഡബിൾ തികച്ചു.
ഇവർക്കു പിന്നാലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പൂനിയ ഇന്നത്തെ ഇന്ത്യയുടെ മെഡൽ നേട്ടം നാലിലെത്തിച്ചു. അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയിൽ മലേഷ്യയോടു തോറ്റത് നിരാശയായി. ഇതോടെ നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മൽസരിക്കാം. ഇതോടെ, 12 സ്വർണവും 20 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 57 മെഡലുകളാണ് ജക്കാർത്തയിൽ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാം സ്വർണമാണ് ജിൻസൺ ജോൺസൻ നേടിയത്. 3:44.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. ഈ ഇനത്തിൽ നിലവിലെ ദേശീയ റെക്കോർഡും ജിൻസന്റെ പേരിലാണ്. 3:45.62 സെക്കൻഡിൽ ഓടിയെത്തിയ ഇറാന്റെ ആമിർ മൊറാദി വെള്ളിയും 3.45.88 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ഖത്തറിന്റെ മുഹമ്മദ് ടിയൗലി വെങ്കലവും നേടി.
ഇതോടെ 800 മീറ്ററിൽ അവസാന നിമിഷം സ്വർണം കൈവിട്ട് വെള്ളിയിലൊതുങ്ങേണ്ടി വന്നതിന്റെ നിരാശ മറക്കാനും ജിൻസണായി. ഏഷ്യൻ ഗെയിംസിൽ ഓരോ സ്വർണവും വെള്ളിയും നേടി ജിൻസൺ ഡബിൾ തികയ്ക്കുകയും ചെയ്തു.
1,500 മീറ്റർ ഫൈനലിൽ വെങ്കലം നേടി ചിത്രയാണ് ഇന്ത്യയ്ക്കായി ഇന്നത്തെ അക്കൗണ്ട് തുറന്നത്. 4:12.56 സെക്കൻഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ബഹ്റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.
അതേസമയം, പുരുഷ വിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യ സെമിയിൽ തോറ്റത് നിരാശയായി. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യ, പെനൽറ്റി ഷൂട്ടൗട്ടിൽ മലേഷ്യയോടാണ് തോറ്റത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. പന്ത്രണ്ടാം ദിനത്തിലെ ആദ്യ ഇനമായ പുരുഷവിഭാഗം 50 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാർ അയോഗ്യനാക്കപ്പെട്ടതും തിരിച്ചടിയായി.
വനിതകളുടെ ഡിസ്കസ് ത്രോയിൽ 62.26 മീറ്റർ ദൂരം കണ്ടെത്തിയാണ് സീമ പൂനിയ വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് ഡിസ്കസിൽ നിലവിലെ സ്വർണ മെഡൽ ജേതാവായിരുന്നു സീമ. ഈ ഇനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് കുമാരി 54.61 മീറ്ററുമായി അഞ്ചാം സ്ഥാനത്തായി. 65.12 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം യാങ് ചെൻ സ്വർണവും 64.25 മീറ്റർ കണ്ടെത്തിയ ചൈനയുടെ തന്നെ ബിൻ ഫെങ് വെള്ളിയും നേടി
Leave a Reply