ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണു കാരണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. അതീവ മുൻകരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. എന്നാൽ എന്താണു സാങ്കേതിക തകരാറെന്നു വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ വക്താവ് ഗുരുപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു

ജൂലൈ 15ന് പുലർച്ച 2.51നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ലോഞ്ച് പാഡിൽ നിന്ന് ചാന്ദ്രയാൻ 2 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ നിർത്തി വയ്ക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടറോടു നിർദേശിക്കുകയായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെ ചാന്ദ്രയാൻ 2 വിക്ഷേപണം കാണാനെത്തിയിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചതായി അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗൺ നിർത്തിവച്ചത്.

2019 ജനുവരിയിൽ വിക്ഷേപണം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും അവസാനവട്ട പരീക്ഷണങ്ങളിൽ കൂടുതൽ കൃത്യത വേണമെന്നു വിലയിരുത്തിയതോടെ ചാന്ദ്രയാൻ 2 ദൗത്യം നീട്ടുകയായിരുന്നു. പിന്നീട് ഏപ്രിലിൽ വിക്ഷേപണം തീരുമാനിച്ചു. അതിനിടെ ലാൻഡറിൽ ചെറിയ തകരാറു കണ്ടെത്തി.ഇസ്രയേലിന്റെ ചന്ദ്രനിലേക്കുള്ള വിക്ഷേപണം കൂടി പരാജയപ്പെട്ടതോടെ അനുകൂല സാഹചര്യങ്ങൾ വിലയിരുത്താനായി പിന്നീടുള്ള ശ്രമം. തുടർന്നാണു ജൂലൈയിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. സെപ്റ്റംബർ ഏഴിനു പുലർച്ചെ ചന്ദ്രനിൽ ലാൻഡർ ഇറക്കാൻ സാധിക്കും വിധമായിരുന്നു വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. എന്നാൽ സാങ്കേതിക തകരാർ പരിഹരിച്ച് ഏറ്റവും അനുയോജ്യമായ ദിവസം കണ്ടെത്തിയാൽ മാത്രമേ അടുത്ത ലോഞ്ചിങ് സാധ്യമാകുകയുള്ളൂ. ഇതിന് നാളുകളെടുക്കുമെന്നാണ് അറിയുന്നത്.