തിരുവനന്തപുരം/ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിനൊപ്പം തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കപ്പെടുക. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന. ഏപ്രിൽ 17നോട് ചേർന്നാണ് വോട്ടെടുപ്പ് നടക്കാൻ സാധ്യതയെന്നും, 2021ലെ പോലെ മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. എന്നാൽ പശ്ചിമബംഗാളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയിലാണ് കമ്മീഷൻ. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനങ്ങളിലെ സന്ദർശനവും സുരക്ഷാ വിലയിരുത്തലുകളും പൂർത്തിയാക്കിയ ശേഷമാണ് കമ്മിഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ സ്ഥാനാർഥി നിർണ്ണയത്തിന്റെ അവസാനഘട്ടത്തിലാണ്. കോൺഗ്രസ് നേതൃത്വം ഡൽഹിയിൽ സ്ഥാനാർഥി ചർച്ചകൾ തുടരുകയാണ്. കെ. സുധാകരൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ എന്നിവരുടെ മത്സരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് സൂചന. അതേസമയം കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി രംഗത്തിറങ്ങുന്നത്. പശ്ചിമബംഗാളിൽ ഭരണമാറ്റം പ്രതീക്ഷിച്ച് ബിജെപി നീങ്ങുമ്പോൾ തൃണമൂൽ കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേർ പുറത്തായെന്ന ആരോപണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശനങ്ങളും നേരിടുന്നുണ്ട്.











Leave a Reply